മലപ്പുറം : പ്ലസ് ടു പരീക്ഷയില്‍ അറബിയില്‍ 200ല്‍ 200 മാര്‍ക്കും നേടിയ സന്തോഷത്തിലാണ് എടവണ്ണ കിഴക്കേ ചാത്തലൂരിലെ അനുമിത്ര. എടവണ്ണ ജാമിഅ നദ്‌വിയ്യ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളില്‍ ഹ്യുമാനിറ്റീസ് വിദ്യാര്‍ഥിയായ അനുമിത്ര 92 ശതമാനം മാര്‍ക്കോടെയാണ് പ്ലസ് ടുവില്‍ വിജയിച്ചത്.
ചാത്തലൂർ സ്വദേശി ടി സുരേഷ് ബാബു-ദിവ്യ ദമ്പതികളുടെ മകളാണ് അനുമിത്ര. തിരുവാലി ഹയര്‍ സെക്കണ്ടറി സ്‌കൂളിലായിരുന്നു അനുമിത്രയ്ക്ക് പ്ലസ്‌ടുവിന് അവസരം ലഭിച്ചത്. എന്നാല്‍ ദിവസവും വീട്ടില്‍ നിന്ന് ദൂരെയുള്ള സ്കൂളില്‍ എത്തിച്ചേരുകയെന്നത് ഏറെ പ്രയാസമായിരുന്നു. തുടര്‍ന്നാണ് എടവണ്ണയിലെ ജാമിയ ക്യാംപസില്‍ ചേര്‍ന്നത്.
തുടര്‍ന്ന് അറബി അക്ഷരമാലകള്‍ വേഗത്തില്‍ സ്വയത്തമാക്കി. എന്നാല്‍ കൊവിഡ് പ്രതിസന്ധിയോടെ ക്ലാസുകളെല്ലാം ഓണ്‍ലൈനാക്കി. തുടര്‍ന്ന് ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമായിരുന്നു അനുമിത്രയ്ക്ക് ആശ്രയമായിരുന്നത്. സ്‌കൂള്‍ അധ്യാപകരുടെ മികച്ച പിന്തുണയാണ് തനിക്ക് ലഭിച്ചതെന്ന് അനുമിത്ര പറയുന്നു.
also read:എസ്എസ്എൽസി വിജയിച്ച മുഴുവൻ പേര്‍ക്കും തുടർ പഠനത്തിന് അവസരം: മന്ത്രി വി ശിവൻകുട്ടി
അനുമിത്രയുടെ സഹോദരി അനന്യയും എസ്.എസ്.എല്‍.സിയില്‍ മികച്ച വിജയമാണ് കരസ്ഥമാക്കിയത്. അനുമിത്രയെ പോലെ അറബി ഭാഷയില്‍ പഠനം തുടരാനാണ് അനന്യയുടെ മോഹം. അതിനായി ജാമിയ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ചേരാന്‍ തയ്യാറായിരിക്കുകയാണ് അനന്യ.