മലപ്പുറം: മലപ്പുറത്ത് ഒരാൾക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ 179 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 11,525 ആയി. കൊവിഡ് പ്രതിരോധ മുഖ്യ സമിതി അവലോകന യോഗത്തിന്‍റേതാണ് വിലയിരുത്തല്‍. ജില്ലയില്‍ 80 പേര്‍ വിവിധ ആശുപത്രികളിലും 11,420 പേര്‍ വീടുകളിലും 25 പേര്‍ കൊവിഡ് കെയര്‍ സെന്‍ററുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെ പരിശോധനക്ക് അയച്ച സാമ്പിളുകളില്‍ 405 പേര്‍ക്ക് രോഗമില്ലെന്ന് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ മുഖ്യ സമിതി അവലോകന യോഗത്തില്‍ അറിയിച്ചു.
105 സാമ്പിളുകളുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരുടെ ആരോഗ്യ നില തൃപ്തികരമെന്നും മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. ആരോഗ്യ ജാഗ്രതാ നിര്‍ദേശങ്ങള്‍ എല്ലാവരും കര്‍ശനമായി പാലിക്കണം. കൊവിഡ് പ്രതിരോധ പ്രവര്‍ത്തങ്ങളുടെ ഭാഗമായി ജില്ലയില്‍ വാര്‍ഡ് അടിസ്ഥാനത്തില്‍ ശനിയാഴ്‌ച മുതല്‍ 5,925 വീടുകളില്‍ ദ്രുത കര്‍മ്മ സംഘങ്ങള്‍ സന്ദര്‍ശനം നടത്തി. ആരോഗ്യ വകുപ്പിന്‍റെ നിര്‍ദേശങ്ങള്‍ കൈമാറുന്നതിനൊപ്പം നിരീക്ഷണത്തിലുള്ളവര്‍ പൊതു സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടോയെന്നും സംഘം നിരീക്ഷിക്കും. വീടുകളില്‍ നിരീക്ഷണത്തിലുള്ള 167 പേര്‍ക്ക് ശനിയാഴ്‌ച വിദഗ്‌ധ സംഘം കൗണ്‍സിലിങ് നല്‍കി.