കോഴിക്കോട്: സ്വർണ്ണക്കടത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് കോഴിക്കോട് കലക്‌ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേഡുകൾ തള്ളി മാറ്റാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. പൊലീസ് അനുമതിയില്ലാതെയാണെന്ന് പ്രതിഷേധം സംഘടിപ്പിച്ചതെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ എ.വി ജോർജ് അറിയിച്ചു. പ്രവർത്തകർക്കെതിരെ കൊവിഡ് പ്രൊട്ടോക്കോൾ പ്രകരം കേസ് എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രവർത്തകരോട് പ്രതിഷേധത്തിൽ നിന്നും പിന്മാറാൻ പൊലിസ് പല തവണ ആവശ്യപ്പെട്ടെങ്കിലും അതിന് ചെവി കൊടുക്കാതെ മുദ്രാവാക്യങ്ങൾ വിളിക്കുകയായിരുന്നു.
പൊലീസ് നടപടിയില്‍ 15 ഓളം പേർക്ക് പരുക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമരത്തിന്‍റെ ഉദ്ഘാടനത്തിന് മുമ്പാണ് പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് നടപടിയുണ്ടായത്. അഞ്ചിലേറെ തവണ ഗ്രനേഡ് പ്രയോഗിച്ചു. പിന്നീട് എം.കെ മുനീറെത്തി പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ് പങ്കെടുത്തു. ഉദ്ഘാടനത്തിന് പിന്നാലെ വീണ്ടും വലിയ പ്രതിഷേധമുണ്ടായി. വീണ്ടും പൊലീസ് ലാത്തി വീശി. പ്രകോപനമില്ലാതെയാണ് പ്രവർത്തകരെ ആക്രമിച്ചതെന്ന് യൂത്ത് ലീഗ് ആരോപിച്ചു. പരാതിയെക്കുറിച്ച് പരിശോധിച്ച ശേഷം പറയാമെന്ന് സിറ്റി പൊലിസ് കമ്മിഷണർ എ.വി ജോർജ് പറഞ്ഞു.