കോഴിക്കോട്: ജല അതോറിറ്റി ജീവനക്കാര്‍ക്ക് താമസിക്കാനായി കല്ലാച്ചി വിഷ്ണുമംഗലത്ത് നിർമിച്ച ക്വാര്‍ട്ടേഴ്‌സുകള്‍ കാടുമൂടിക്കിടക്കുന്നത് വിദ്യാഥികള്‍ക്കും പരിസരവാസികള്‍ക്കും ഭീഷണിയാകുന്നു. മൂന്നര പതിറ്റാണ്ട് മുമ്പാണ് വിഷ്ണുമംഗലം പമ്പ് ഹൗസ് കോമ്പൗണ്ടില്‍ ആറോളം ക്വാര്‍ട്ടേഴ്‌സുകള്‍ പണിതത്. 10 വര്‍ഷം മുമ്പ് വരെ ഇവയില്‍ പലതിലും ജീവനക്കാര്‍ താമസിച്ചിരുന്നു. ക്വാര്‍ട്ടേഴ്‌സുകള്‍ തകര്‍ന്നു തുടങ്ങിയതോടെ ജീവനക്കാര്‍ താമസിക്കാന്‍ തയ്യാറാകാതെയായി. ഇവയുടെ അറ്റകുറ്റപ്പണികള്‍ നടത്താന്‍ യഥാസമയങ്ങളില്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് ക്വാര്‍ട്ടേഴ്‌സും പരിസരവും കാടുമൂടി.
വലിയ വിസ്തൃതിയില്‍ കാട് ഉയര്‍ന്നതോടെ മൃഗങ്ങളും മാരക വിഷമുള്ള ഇഴ ജന്തുക്കളും ഇവിടെ വര്‍ധിച്ചു. ജീവനക്കാര്‍ പോലും പ്രദേശത്തേക്ക് പോകാതെയായി. കാടുമൂടിക്കിടക്കുന്ന ക്വാര്‍ട്ടേഴ്‌സിന് സമീപമാണ് എല്‍പി സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ ഇടക്കിടെ പമ്പ് ഹൗസില്‍ വരാറുണ്ടെങ്കിലും കാട് വെട്ടി മാറ്റാന്‍ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു.