കോഴിക്കോട്: എലത്തൂരില്‍ മാലിന്യപ്രശ്നം രൂക്ഷമാകുന്നു. മാട്ടുവയൽ, പടന്നയിൽ, അഴീക്കൽ മേഖലകളിലെ 400ഓളം കുടുംബങ്ങളാണ് തോട്ടിൽ മാലിന്യം അടിഞ്ഞു കൂടിയത് മൂലം ദുരിതമനുഭവിക്കുന്നത്. പ്രദേശത്തെ മൂന്നു തോടുകളിൽ നിന്നും കൈത്തോടുകളിലും വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെട്ടതാണ് പ്രദേശവാസികളെ ദുരിതത്തിലാക്കിയത്.
വീടുകളിൽ നിന്ന് ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് കുപ്പികളും സഞ്ചികളുമടങ്ങുന്ന അവശിഷ്ടങ്ങളാണ് തോടുകളിൽ കുന്നുകൂടി കിടക്കുന്നത്. കോരപ്പുഴ അഴിമുഖത്തിന് തെക്കുഭാഗത്തെ മണൽത്തിട്ടയാണ് വെള്ളത്തിന്റെ ഒഴുക്ക് നഷ്ടപ്പെടാൻ കാരണമെന്ന് പ്രദേശവാസികൾ പറയുന്നു. മണൽത്തിട്ടയിൽ ചാലുകീറി പുഴയിലേക്ക് വെള്ളം ഒഴുക്കിയാണ് ദുർഗന്ധത്തിന് താൽകാലിക പരിഹാരമാക്കുന്നത്. വർഷങ്ങളായി തുടരുന്ന മാലിന്യപ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.