കോഴിക്കോട്: മാവട്ട് മലയിലെ വാറ്റ് കേന്ദ്രത്തിൽ നിന്നും 1450 ലിറ്റർ വാഷും അഞ്ച് ലിറ്റർ ചാരായവും പിടികൂടി. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ പേരാമ്പ്ര എക്സൈസ് ഇൻസ്പെക്‌ടർ സി. ശരത് ബാബു, പ്രിവന്‍റീവ് ഓഫീസർ തറോൽ രാമചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. പ്ലാസ്റ്റിക് ബാരലുകളിലും കന്നാസുകളിലുമായി സൂക്ഷിച്ച നിലയിലാണ് വാഷും ചാരായവും കണ്ടെത്തിയത്.
വാറ്റുപകരണങ്ങളും കണ്ടെത്തി. പിടികൂടിയ വാഷ് ശേഖരം സംഭവസ്ഥലത്ത് വച്ച് തന്നെ നശിപ്പിച്ചു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി ജില്ലയിൽ വ്യാജമദ്യത്തിനും മയക്കുമരുന്ന് വിൽപനക്കുമെതിരെ എക്സൈസ് നടപടികൾ കർശനമാക്കിയിട്ടുണ്ട്. സംഭവത്തിൽ പേരാമ്പ്ര എക്സൈസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.