കോഴിക്കോട്: വീട്ടിൽ ഒരു പച്ചക്കറി തോട്ടം എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി 'വേനൽ പച്ച'. സേവ് ഗ്രീൻ അഗ്രികൾച്ചറിസ്റ്റ് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് പച്ചക്കറി പ്രദർശന വിപണന മേള സംഘടിപ്പിക്കുന്നത്. പച്ചമുളക്, വഴുതന, തക്കാളി, വെണ്ട, കാബേജ്, റെഡ് ലേഡി പപ്പായ തുടങ്ങിയവയുടെ വേരുപിടിപ്പിച്ച തൈകളും മേളയിലുണ്ട്. ടെറസിലോ മുറ്റത്തോ കൃഷി ചെയ്യാവുന്ന ഇവ ഒരു മാസം കൊണ്ട് വിളവെടുപ്പിന് പാകമാകും.
കൂടാതെ ജൈവവളങ്ങൾ, ജൈവകീടനാശിനികൾ, കാർഷികോപകരണങ്ങൾ, തുണിയിൽ തീർത്ത ഗ്രോബാഗുകൾ, തുണിസഞ്ചികൾ, പച്ചക്കറി വിത്തുകൾ, ചക്ക കൊണ്ടുള്ള ഉത്പന്നങ്ങൾ എന്നിവയും മേളയിൽ ലഭിക്കും. നഗരവാസികൾക്കിടയിൽ ജൈവ കൃഷി പ്രോത്സാഹിപ്പിക്കാനാണ് മേള സംഘടിപ്പിച്ചതെന്ന് സേവ് ഗ്രീൻ അഗ്രികൾച്ചറിസ്റ്റ് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്‍റ് റെജുൽ കുമാർ പറഞ്ഞു. കോഴിക്കോട് ടൗൺ ഹാളിൽ രാവിലെ 10 മുതൽ വൈകിട്ട് ആറ് വരെയാണ് പ്രദർശനം. മേള ഏഴിന് സമാപിക്കും.