കോഴിക്കോട്: ഇറച്ചിയുടെയും മത്സ്യത്തിന്‍റെയും വില കുതിച്ചുകയറിയതോടെ സജീവമായിരിക്കുകയാണ് പച്ചക്കറി വിപണി. കീശ കാലിയാവാതെ വീട്ട് ചെലവുകള്‍ നടന്നു പോകുമെന്നതിനാല്‍ ആളുകള്‍ കൂടുതലായി പച്ചക്കറി വിപണിയെ ആശ്രയിക്കുകയാണ്. വില വര്‍ധനവ് തീരെയില്ല എന്ന് പറയാനാകാത്ത സ്ഥിതിയാണെങ്കിലും മത്സ്യം മാംസം എന്നിവയുടെ വില പരിഗണിക്കുമ്പോള്‍ ലാഭം പച്ചക്കറികളാണ്.
സവാള, മുരിങ്ങക്ക എന്നിവക്ക് വില കുറഞ്ഞതും തക്കാളി വിലയില്‍ കാര്യമായ വ്യത്യാസം ഉണ്ടാകാത്തതും വിപണിക്ക് ഗുണം ചെയ്യുന്നുണ്ട്. 150 രൂപ വരെ വില ഉയരുന്ന മുരിങ്ങക്ക് ഇപ്പോള്‍ വില 30 രൂപ മാത്രമാണ്. സവാള വില 18 മുതല്‍ 20 വരെ എന്ന നിലയിലും നില്‍ക്കുന്നു. തക്കാളിക്ക് കിലോ 40 ആണ് വിലയെങ്കിൽ ബീൻസിന്‍റെ വില കിലോക്ക് 75 ആണ്.
പ്രധാനമായും വില വര്‍ധിച്ച പച്ചക്കറികള്‍ വെളുത്തുള്ളിയും ചെറുനാരങ്ങയുമാണ്. വെളുത്തുള്ളി വില ചില്ലറ വിൽപ്പനയിൽ 50 രൂപ വരെ ഉണ്ടായിരുന്നത് 90 രൂപയായി കൂടി. ചെറുനാരങ്ങക്ക് കിലോ 40 രൂപയിൽ നിന്ന് 80 മുതല്‍ 100 രൂപ വരെ ഉയർന്നു. ഉപയോഗം കൂടുന്നതും അതിനനുസരിച്ച് വരവ് ഇല്ലാത്തതുമാണ് പച്ചക്കറി വിപണിയില്‍ വിലക്കയറ്റത്തിന് കാരണം. എങ്കിലും മത്സ്യത്തിന്‍റെയും മാംസത്തിന്‍റെയും അധികവില പച്ചക്കറിയിലേക്ക് ആളുകളെ കൂടുതല്‍ അടുപ്പിക്കുന്നുണ്ടെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. പച്ചക്കറി വിപണി വിലയിലെ ചെറിയ മാറ്റങ്ങളിൽ പിടിച്ചു നിൽക്കുകയാണ്.