കോഴിക്കോട് : ജില്ലയിൽ നിപ ബാധിച്ച് മരിച്ച 12 വയസുകാരന്‍റെ റൂട്ട് മാപ്പ് പുറത്തുവിടുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. കുട്ടിയുമായി സമ്പർക്കം പുലർത്തിവരെ കണ്ടെത്തി ഐസൊലേഷനിലാക്കുന്നതിനാണ് റൂട്ട് മാപ്പ് തയാറാക്കുന്നത്. നിപ ബാധിച്ച് മരിച്ച കുട്ടിക്ക് ഒരു ഘട്ടത്തിലും കൊവിഡ് ഉണ്ടായിരുന്നില്ലെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളജിന്‍റെ ഭാഗത്ത് വീഴ്ചയുണ്ടായോയെന്ന് പരിശോധിക്കും. കുട്ടിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പനിയെ തുടർന്ന് പ്രവേശിപ്പിച്ചപ്പോൾ സ്രവ പരിശോധന നടത്തിയിരുന്നില്ല. ഇത് എന്തുകൊണ്ടാണെന്ന് പരിശോധിക്കും.
Also read: നിപ വൈറസ് പ്രതിരോധം : അറിയേണ്ടതെല്ലാം
നിപ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി കമ്മിറ്റികൾ രൂപീകരിച്ചെന്നും ഗസ്റ്റ് ഹൗസിൽ ചേർന്ന യോഗശേഷം മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഈ ഘട്ടത്തിൽ രോഗപ്രതിരോധമാണ് സർക്കാരിന്‍റെ ലക്ഷ്യം. അതിനായി ശക്തമായ നടപടി തുടങ്ങി കഴിഞ്ഞു. രോഗത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും മന്ത്രി പറഞ്ഞു.
അതിനിടെ പന്ത്രണ്ടുകാരന്‍റെ മൃതദേഹം കബറടക്കി. കണ്ണമ്പറമ്പ് ഖബര്‍സ്ഥാനിലായിരുന്നു സംസ്കാരം.