കോഴിക്കോട് : ഏക സിവില്‍ കോഡിനെതിരെ സിപിഎം പരിപാടി നടത്തുന്നത് മുസ്ലിം ലീഗിനെയും സമസ്‌തയെയും ക്ഷണിക്കാനെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അതില്‍ നിന്ന് എന്തെങ്കിലും കിട്ടുമോയെന്ന് നോക്കുകയാണ് സിപിഎം ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വിഡി സതീശന്‍.
ഇഎംഎസ് നിലപാട് തള്ളുമോയെന്ന് ചോദ്യം : ഏക സിവില്‍ കോഡ് സംബന്ധിച്ച് 1986-87 കാലഘട്ടത്തില്‍ സിപിഎം നിലപാട് എന്തായിരുന്നുവെന്ന് വിഡി സതീശന്‍ ചോദിച്ചു. സിപിഎമ്മിന്‍റെ താത്വികാചാര്യന്‍ ഇഎംഎസ് നമ്പൂതിരിപ്പാടിനെ തള്ളി പറയാൻ എം വി ഗോവിന്ദൻ തയ്യാറുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. ഇഎംഎസ് പറഞ്ഞത് സിവില്‍ കോഡ് നടപ്പാക്കണമെന്നായിരുന്നു.
ശരീഅത്ത് നിയമം ഇന്ത്യക്ക് യോജിച്ചതല്ല. ശരീഅത്ത് നിയമം ഇറാനിലേത് പോലെ ഇസ്‌ലാമിക റിപ്പബ്ലിക്കായ സ്ഥലങ്ങളില്‍ മാത്രമേ പാടുള്ളൂ. ഇന്ത്യയെ പോലുള്ള ഒരു രാജ്യത്ത് ഏക സിവില്‍ കോഡ് നടപ്പാക്കണമെന്നുമായിരുന്നു ഇഎംഎസിന്‍റെ നിലപാട്.
സിവില്‍ കോഡ് നടപ്പാക്കുന്നതിനായി ജനാധിപത്യ മഹിള അസോസിയേഷനോട് രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കാൻ ആവശ്യപ്പെട്ടതും ഇംഎംഎസായിരുന്നു. അപ്പോള്‍ എനിക്ക് ഗോവിന്ദനോട് ചോദിക്കാനുള്ളത് നിങ്ങള്‍ ഇഎംഎസിനെ തള്ളി പറയുന്നുണ്ടോ ? നിങ്ങളുടെ നയ രേഖയില്‍ മാറ്റം വരുത്തുന്നുണ്ടോ ? എന്നെല്ലാമാണ്. ഇതിന് എംവി ഗോവിന്ദന്‍ മറുപടി പറയണമെന്നും വിഡി സതീശന്‍ ആവശ്യപ്പെട്ടു.
ഇങ്ങനെ പറയാനാകുമോ ? ഇഎംഎസിനെ ഞങ്ങള്‍ തള്ളി പറയുന്നു. ഇഎംഎസിന്‍റെ അഭിപ്രായം തങ്ങളുടെ അഭിപ്രായമല്ല. നേരത്തെ പാര്‍ട്ടിയെടുത്ത ഈ തീരുമാനം തെറ്റായിരുന്നു. അതുകൊണ്ട് ഏകീകൃത സിവില്‍ കോഡ് വേണ്ടെന്നും പറയാന്‍ ഗോവിന്ദന് ധൈര്യമുണ്ടോയെന്നും വിഡി സതീശന്‍ ചോദിച്ചു.
നിയമസഭയിലെ കൈയ്യാങ്കളിയെ കുറിച്ചും പ്രതികരണം : നിയമസഭ കൈയ്യാങ്കളി സുപ്രീംകോടതി വരെ പോയി തിരിച്ചുവന്ന കേസാണ്. സര്‍ക്കാര്‍ സമയം നീട്ടിക്കിട്ടാന്‍ വേണ്ടി ശ്രമിക്കുകയാണ്. കാരണം വിചാരണ നടന്നാല്‍ മന്ത്രിസഭയില്‍ അംഗമായിരിക്കുന്ന വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി അടക്കമുള്ളവര്‍ ശിക്ഷിക്കപ്പെടും എന്ന കാര്യം ഉറപ്പാണ്. അതുകൊണ്ട് സര്‍ക്കാര്‍ ഈ കേസ് പരമാവധി നീട്ടാന്‍ ശ്രമിക്കുകയാണ്.
യഥാര്‍ഥത്തില്‍ പ്രോസിക്യൂഷന്‍ എന്ന് പറയുന്നത് സ്റ്റേറ്റിന് വേണ്ടി വാദിക്കേണ്ടതാണ്. പ്രോസിക്യൂഷനെ വരെ ദുരുപയോഗപ്പെടുത്തുകയാണെന്നും വിഡി സതീശന്‍ കുറ്റപ്പെടുത്തി. വിചാരണ തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് പുനരന്വേഷണം ആവശ്യപ്പെട്ടത്. വിഷയത്തില്‍ സമയം നീട്ടിക്കിട്ടാനാണെന്ന് മനസിലാക്കിയത് കൊണ്ടാണ് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് രണ്ട് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയത്.
ഈ കേസിനെക്കുറിച്ച് പലതരത്തിലുമുള്ള അന്വേഷണം ഇതിനോടകം കഴിഞ്ഞതാണ്. മാത്രമല്ല ഇത്രയും സാക്ഷികളുള്ള മറ്റൊരു കേസില്ലെന്നും ലോകത്തുള്ള മുഴുവന്‍ മലയാളികളും ഇതിന് സാക്ഷികളാണെന്നും വിഡി സതീശന്‍ പറഞ്ഞു. അതിന് കാരണം ലൈവ് ടെലികാസ്റ്റായിരുന്നു. ഇപ്പോഴും പൊതുവിദ്യാഭ്യാസ മന്ത്രി ടേബിളിന്‍റെ മുകളില്‍ കയറി നില്‍ക്കുന്ന ചിത്രം കേരളത്തിലെ കുഞ്ഞുങ്ങള്‍ക്ക് പോലും അറിയാമെന്നും വിഡി സതീശന്‍ പറഞ്ഞു.
ഇത്തരത്തില്‍ ലൈവായി ജനങ്ങള്‍ കണ്ട മറ്റൊരു കുറ്റകൃത്യം കേരളത്തിലുണ്ടായിട്ടില്ല. കേരളം മൊത്തം സാക്ഷ്യം വഹിച്ച സംഭവത്തില്‍ ഇപ്പോള്‍ ജനങ്ങളെ വിഡ്ഢികളാക്കിയിട്ട് നിയമ സംവിധാനങ്ങളെ കാറ്റില്‍ പറത്തുന്നതാണ് ഇവിടെ കാണാനാകുന്നതെന്നും വിഡി സതീശന്‍ കുറ്റപ്പെടുത്തി.