കോഴിക്കോട്: വടകര താലൂക്ക് ഓഫിസ് തീവയ്പ്പുമായി ബന്ധപ്പെട്ട് കസ്റ്റഡിയിൽ എടുത്ത ആന്ധ്രാപ്രദേശ് സ്വദേശിയുടെ ചോദ്യം ചെയ്യൽ പുരോഗമിക്കുന്നു. റൂറൽ എസ്.പി ഡോ എ. ശ്രീനിവാസ്, ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ആർ. ഹരിദാസ്, വടകര ഡി.വൈ.എസ്.പി അബ്ദുല്‍ റഷീദ് എന്നിവരുടെ നേതൃത്വത്തിൽ വടകര പൊലീസ് സ്റ്റേഷനിലാണ് ചോദ്യം ചെയ്യൽ. തീവയ്പ്പ് കേസ് പൊലീസ് ഗൗരവമായാണ് എടുത്തിട്ടുള്ളതെന്നും ഇന്ന് ഉച്ചയോടെ വിശദ വിവരങ്ങൾ നൽകാമെന്നും എസ്.പി മാധ്യമങ്ങളോട് പറഞ്ഞു.
READ MORE: വടകര താലൂക്ക് ഓഫിസ് തീപിടിത്തം: ആന്ധ്ര സ്വദേശി കസ്റ്റഡിയില്‍
ഇന്നലെ പുർച്ചെ അഞ്ചരയോടെയാണ് (ഡിസംബർ 17) വടകര താലൂക്ക് ഓഫിസ് കെട്ടിടത്തിൽ തീപിടിത്തമുണ്ടായത്. പഴയ ഓട് മേഞ്ഞ കെട്ടിടം 90 ശതമാനവും കത്തിയതോടെ രേഖകളും കമ്പ്യൂട്ടറുകളും നശിച്ചു. വടകര, കൊയിലാണ്ടി, പേരാമ്പ്ര, നാദാപുരം എന്നിവിടങ്ങളിൽ നിന്നും അഗ്നിരക്ഷാസേന എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആന്ധ്രാ സ്വദേശി സതീഷ് നാരായണൻ (37) പിടിയിലാകുന്നത്. പ്രദേശത്ത് മുമ്പ് തീപിടിത്തമുണ്ടായ കെട്ടിടങ്ങളിലും ഇയാൾ എത്തിയതായി കണ്ടെത്തിയിരുന്നു. വടകര പുതിയ ബസ് സ്റ്റാൻഡ് പരിസരത്തുള്ള കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.