കോഴിക്കോട് : വടകരയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവത്തിൽ നടപടിക്ക് വിധേയരായ ഉദ്യോഗസ്ഥരുടെ മൊഴി അന്വേഷണ സംഘം ഇന്ന് രേഖപ്പെടുത്തും. സസ്പെന്‍ഷനിലായ എസ്.ഐ എം നിജീഷ്, എ.എസ്.ഐ അരുൺ കുമാർ, സിവിൽ പൊലീസ് ഓഫിസർ ഗിരീഷ് എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തുക. പൊലീസുകാർക്ക് ഗുരുതര വീഴ്‌ചയുണ്ടായെന്നാണ് ഉത്തരമേഖല ഐ.ജി ടി വിക്രമിന്‍റെ കണ്ടെത്തൽ.
ആഭ്യന്തര അന്വേഷണ റിപ്പോർട്ട് ഐ.ജി സംസ്ഥാന പൊലീസ് മേധാവിക്ക് സമർപ്പിക്കും. എസ്.ഐ ഉൾപ്പടെ പൊലീസുകാർക്കെതിരെയുള്ള നടപടിയുടെ വിശദാംശങ്ങൾ കൂടി ഉൾക്കൊളളിച്ച റിപ്പോർട്ടാണ് ഐ.ജി കൈമാറുക. സംഭവസമയത്ത് സജീവന് ഒപ്പമുണ്ടായിരുന്നവർ, ബന്ധുക്കൾ എന്നിവരിൽ നിന്ന് നേരിട്ട് മൊഴിയെടുത്ത ശേഷമാണ് ഐ.ജി റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
ഹൃദയാഘാതമാണ് സജീവന്‍റെ മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍, പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോർട്ട് ഇതുവരെയും പുറത്തുവന്നിട്ടില്ല. കേസന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ടി സജീവന്‍റെ നേതൃത്വത്തിലുളള സംഘം, വടകര പൊലീസ് സ്റ്റേഷനിലെത്തി ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചിരുന്നു. 15 ദിവസത്തിനകം അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.