കോഴിക്കോട്: മാവൂർ ഗ്രാമപഞ്ചായത്തിലെ മുഴുവൻ കിടപ്പുരോഗികൾക്കും ഇനി വീടുകളിൽ നേരിട്ടെത്തി വാക്‌സിൻ നൽകും. ചെറുപ്പ എം.സി.എച്ച് യൂണിറ്റ് പാലിയേറ്റീവ് കെയറുമായി ചേർന്നാണ് വാക്‌സിൻ വിതരണം ചെയ്യുന്നത്. കിടപ്പിലായ രോഗികളെ വാക്‌സിനേഷനായി ചെറുപ്പ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്നതിലുള്ള പ്രയാസം കണക്കിലെടുത്താണ് വാഹനത്തിൽ വാക്‌സിൻ എത്തിച്ചു നൽകുന്ന പദ്ധതിക്ക് തുടക്കം കുറിച്ചത്.
രോഗികളുടെ സുരക്ഷ ഉറപ്പുവരുത്താൻ സാധിക്കുമെന്നതാണ് ഇതിന്‍റെ പ്രധാനനേട്ടം. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഉമ്മർ മാസ്റ്റർ പുലപ്പാടി വാക്‌സിൻ പാലിയേറ്റീവ് നഴ്‌സ് സമീറക്ക് കൈമാറുകയും വാഹനത്തിന്‍റെ ഫ്ലാഗ് ഓഫ് നടത്തുകയും ചെയ്‌തു.
വൈസ് പ്രസിഡന്‍റ് ജയശ്രീ ദിവ്യപ്രകാശ് അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ ടി. രഞ്ജിത്ത്, കെ.എം. അപ്പുകുഞ്ഞൻ, ശുഭ ശൈലേന്ദ്രൻ, മെഡിക്കൽ ഓഫിസർ ബിൻസു വിജയൻ, ഹെൽത്ത് സൂപ്പർവൈസർ പി.പി. മുരളീധരൻ, ഹെൽത്ത് ഇൻസ്പെക്ടർ ടി. അബ്‌ദുൽ മജീദ് എന്നിവർ പങ്കെടുത്തു.