കോഴിക്കോട്: ചായ മലയാളിക്ക് എന്നുമൊരു വീക്ക്നെസ് ആണ്. പുറത്തിറങ്ങുമ്പോൾ നല്ല ചായ കിട്ടിയാൽ ആ കട പലരും സ്ഥിരമാക്കും. എന്നാൽ കിട്ടുന്ന ചായക്ക് പരിധി ഇല്ലാതായാലോ.. അതായത് അൺലിമിറ്റഡ് ചായ. സ്ഥലം പേരാമ്പ്ര... പേര് ചായപെട്ടി.. ഇവിടെ എത്ര ചായ വേണമെങ്കിലും കുടിക്കാം.. പത്ത് രൂപ മാത്രം. അതിൽ ലൈറ്റും സ്ട്രോങ്ങും മീഡിയവും വിത്തൗട്ടുമൊക്കെ പ്രത്യേകം പ്രത്യേകം വന്നോളും. നിന്നും ഇരുന്നും സൊറ പറഞ്ഞും കണ്ണിൽ കണ്ണിൽ കഥ പറഞ്ഞുമെല്ലാം ചായ കുടിക്കാം(Chayapetti At Perambra Unlimited Tea With Unlimited Fun).
കഴിക്കാൻ അടയും വടയും പഴം പൊരിയും ദോശയും. അതൊന്നും പക്ഷേ അൺലിമറ്റഡ് അല്ലാ ട്ടോ. എന്തായാലും ആദ്യ വരവിൽ തന്നെ വരുന്നർ ഹാപ്പിയാണ്. യുവാക്കളുടെ വലിയ സംഘം ഇങ്ങോട്ടെത്തുന്നുണ്ട്.
ദോശമുക്കാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. മസാല, ചിക്കൻ, എഗ്ഗ്, ഒനിയൻ ദോശകൾ റെഡി. ഒരു വെറൈറ്റി കൂടിയുണ്ട്.. അതാണ് ബീഫും പഴം പൊരിയും... കഴിച്ചവർ കഴിച്ചവർ വീണ്ടും വരുന്ന മറ്റൊരു ഐറ്റം.
പേരാമ്പ്രയിലെ പുതിയ ബൈപ്പാസിന് അരികിലാണ് ഈ അൺലിമിറ്റഡ് ചായപ്പീടിക. അഭിജിത്തും നിതിനും... ചായപ്രേമികളായ രണ്ട് യുവാക്കൾ, ഒരു ചായ കുടിച്ച് ചിന്തിച്ചതാണ് ഈ വ്യത്യസ്ത ആശയം.
പുതിയ സംരംഭം പൊളിയാണെന്ന് ഇവിടെയെത്തി ചായ കുടിച്ച് മടങ്ങുന്നവർ പറയും. പഴമയും പുതുമയും ഇഴകലർന്ന ചായപീടിക എന്ന ആശയത്തിന് പ്രോത്സാഹനവുമായി ചെറുപ്പക്കാരുടെ വലിയ സംഘം തന്നെ ഇവിടെയെത്തുന്നുണ്ട്. അൺലിമിറ്റഡ് ചായ അടിച്ച് കൈ കുഴഞ്ഞാലും രമേശൻ പറയും ഇത്രയും ചായ ചെലവാകുന്നത് കാണുമ്പോൾ അതൊരു സുഖമാണെന്ന്.