കോഴിക്കോട്: കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പൂവാട്ടുപറമ്പ് ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വിജയം. യു.ഡി.എഫ് സ്ഥാനാർഥി നസീബ റായി 905 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് ഇടത് മുന്നണിയിലെ വി. ദീപയെ പരാജയപ്പെടുത്തിയത്. യു.ഡി.എഫിന് 4794 വോട്ടും എല്‍.ഡി.എഫിന് 3889 വോട്ടും എന്‍.ഡി.എക്ക് 995 വോട്ടും ലഭിച്ചു.
രമ്യ ഹരിദാസ് എം.പിയായി തെരഞ്ഞെടുക്കപ്പെട്ടതോടെ ഒഴിവുവന്ന ഡിവിഷനിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. മികച്ച വിജയത്തിനിടയിലും കഴിഞ്ഞ തവണ രമ്യ ഹരിദാസ് നേടിയ 1500 വോട്ടിന്റെ ഭൂരിപക്ഷം നേടാനാവാത്തത് യു.ഡി.എഫില്‍ നേരിയ നിരാശക്ക് ഇടയാക്കി. ഒരു സീറ്റിന്‍റെ ഭൂരിപക്ഷത്തിനാണ് ബ്ലോക്ക് പഞ്ചായത്ത് യു.ഡി.എഫ് ഭരിച്ചിരുന്നത്. എം.പിയായി തെരഞ്ഞെടുക്കപ്പെട്ടതോടെ രമ്യ മെമ്പർ സ്ഥാനം രാജിവെച്ചിരുന്നു. ഇതോടെ കുന്ദമംഗലത്ത് ഇരുമുന്നണികൾക്കും ഒമ്പത് സീറ്റ് വീതമാണുണ്ടായിരുന്നത്. പൂവാട്ടുപറമ്പില്‍ നസീബ റായി വിജയിച്ചതോടെ ബ്ലോക്ക് പഞ്ചായത്ത് ഭരണം വീണ്ടും യു.ഡി.എഫിന് ലഭിച്ചു. എൻ.ഡി.എ സ്ഥാനാർഥിയായി ബി.ജെ.പിയിലെ കെ.ടി. ജയയും മത്സരരംഗത്തുണ്ടായിരുന്നു.