കോഴിക്കോട്: ഇരട്ട തലയുമായി ജനിച്ച പശുക്കിടാവ് നാട്ടുകാർക്ക് കൗതുകമാകുന്നു. കോഴിക്കോട് പാലേരി തരിപ്പിൽലോട്ടിൽ ടി പി പ്രേമചന്ദ്രന്‍റെ വീട്ടിലാണ് ഇരട്ടത്തലയുള്ള പശുക്കിടാവ് ജനിച്ചത്. പ്രേമചന്ദ്രന്‍റെ പശുവിന്‍റെ രണ്ടാമത്തെ പ്രസവത്തിലാണ് രണ്ടു ജോഡി കണ്ണുകളും രണ്ടു മൂക്കും വായും ഉള്ള പശുക്കുട്ടി ജനിച്ചത്.
കിടാവിന് കോരി കൊടുക്കുന്ന പാൽ രണ്ടു വായിലൂടെയും കുടിക്കുന്നുണ്ട്. സങ്കരയിനത്തിൽ പെട്ടതാണ് പശുവും കിടാവും. സ്വകാര്യ ബീജസങ്കലന കേന്ദ്രത്തിൽ നിന്നാണ് പശുവിനെ കുത്തിവെപ്പ് നടത്തിയത്. തലയുടെ ഭാരം മൂലം തലയുയർത്തി നിൽക്കാൻ കഴിയാത്ത പശുക്കിടാവ് എഴുന്നേൽക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ്.
ചങ്ങരോത്ത് മൃഗാശുപത്രിയിലെ വെറ്റിറനറി സർജൻ ഡോ. എസ് അശ്വതി സ്ഥലത്തെത്തി പശുവിനെയും കിടാവിനെയും പരിശോധിച്ചു. വളരെ അപൂർവ്വമായേ രണ്ടു തലയുള്ള പശു കുട്ടികളെ പ്രസവിക്കാറുള്ളു. ലക്ഷം കിടാങ്ങളിൽ ഒന്ന് വീതം എന്ന കണക്കിലാണ് ഇത്തരത്തിൽ കുഞ്ഞുങ്ങൾ ഉണ്ടാകാറ്.