കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷന്‍ പരിധിയില്‍ ഉപ്പിലിട്ട വസ്‌തുക്കൾ വില്‍ക്കുന്നതിന് വിലക്കേർപ്പെടുത്തിയ സംഭവം ജനാധിപത്യ വിരുദ്ധമെന്ന് ഉന്തുവണ്ടി കച്ചവടക്കാർ. കഴിഞ്ഞ ദിവസമാണ് ഉപ്പിലിട്ട വസ്‌തുക്കൾക്ക് നിരോധനം ഏർപ്പെടുത്തിക്കൊണ്ട് കോർപറേഷൻ സെക്രട്ടറി ഉത്തരവ് ഇറക്കിയത്.
കോഴിക്കോട് ബീച്ചിൽ നിന്ന് ആസിഡ് കുടിച്ച് കുട്ടികൾക്ക് പൊള്ളലേറ്റ സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ കടകളിൽ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലായിരുന്നു വിലക്ക്. മറ്റ് രാസവസ്‌തുക്കൾ ഉപയോഗിച്ചിട്ടില്ലെന്നും വിനാഗിരി മാത്രമാണ് ഉപയോഗിച്ചതെന്നും ടെസ്റ്റ് റിസൾട്ട് വന്നിട്ടും കോർപറേഷൻ സ്വീകരിച്ച നിലപാട് ഏകപക്ഷീയമാണെന്നും തങ്ങളുമായി ഒരു ചർച്ചക്കും കോർപറേഷൻ അധികൃതർ തയാറായിട്ടില്ലെന്നും ഉന്തുവണ്ടി കച്ചവടക്കാരനായ വി.കെ സൈനുദീൻ പറഞ്ഞു. കൊവിഡിന്‍റെ അടച്ചുപൂട്ടലിനു ശേഷം കച്ചവടം പഴയ രീതിയിൽ ആയി തുടങ്ങിയപ്പോഴുള്ള കോർപറേഷൻ നിലപാട് തങ്ങളെ അത്മഹത്യയിലേക്ക് തള്ളിവിടുമെന്ന് ഉന്തുവണ്ടി തൊഴിലാളി എം.ഹമീദ് പറയുന്നു.
53 തട്ടുകടകളിൽ ഭക്ഷ്യസുരക്ഷ വകുപ്പും കോർപറേഷൻ ആരോഗ്യ വിഭാഗവും കഴിഞ്ഞ ദിവസം സംയുക്ത പരിശോധന നടത്തിയിരുന്നു. 17 കടകളിൽ നിന്ന് 35 ലിറ്റർ ഗ്ലേഷ്യൽ അസറ്റിക് ആസിഡ് പിടിച്ചെടുത്തു നശിപ്പിച്ചു. മാനദണ്ഡങ്ങൾ പാലിക്കാതെ സൂക്ഷിച്ചിരുന്ന 17 ബ്ലോക്ക് ഐസും പിടിച്ചെടുത്തു. ഇതോടെയാണ് ഉപ്പിലിട്ട പഴങ്ങളും പച്ചക്കറികളും വിൽക്കുന്നത് താത്കാലികമായി വിലക്കാൻ കോഴിക്കോട് കോർപറേഷൻ തീരുമാനിച്ചതെന്നാണ് കോർപറേഷൻ അധികൃതർ പറയുന്നത്.
Also Read: ഉപ്പിലിട്ടത് വില്‍ക്കുന്നത് നിരോധിച്ച് കോഴിക്കോട് കോര്‍പ്പറേഷന്‍