കോഴിക്കോട്: ഡോക്‌ടറെ വടിവാൾ കാണിച്ച് ഭീഷണിപ്പെടുത്തി കവർച്ച നടത്തിയ മൂന്നംഗ സംഘം അറസ്റ്റില്‍ (Three Arrested For Robbery). എളേറ്റിൽ വട്ടോളി പന്നിക്കോട്ടൂര്‍ സ്വദേശി മുഹമദ് അനസ് ഇ കെ (26), കുന്ദമംഗലം നടുക്കണ്ടിയില്‍ സ്വദേശി ഷിജിന്‍ദാസ് എന്‍പി (27), പാറോപ്പടി സ്വദേശി അനു കൃഷ്‌ണ (24) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. കോഴിക്കോട് ടൗണ്‍ ഇന്‍സ്‌പെക്‌ടര്‍ ബൈജു കെ ജോസിന്‍റെ നേതൃത്വത്തിലുള്ള സംഘവും കോഴിക്കോട് ആന്‍റി നാര്‍ക്കോട്ടിക് സെല്‍ അസിസ്‌റ്റന്‍ഡ് കമ്മിഷണര്‍ ടി പി ജേക്കബിന്‍റെ നേതൃത്വത്തിലുള്ള ഡാൻസാഫും സംയുക്തമായാണ് പ്രതികളെ പിടികൂടിയത്.
ഇന്ന് (ഒക്‌ടോബര്‍ 3) പുലര്‍ച്ചയോടെയാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. പ്രതികള്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ ഡോക്‌ടറുമായി പരിചയപ്പെട്ടു. തുടര്‍ന്ന് ഇദ്ദേഹത്തിന്‍റെ താമസസ്ഥലം ഉള്‍പ്പടെ മനസിലാക്കിയ സംഘം പുലര്‍ച്ചയോടെയാണ് അവിടേക്ക് ആയുധവുമായെത്തി കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയത്. ഡോക്‌ടറുടെ കൈവശം പണമില്ലെന്ന് മനസിലാക്കിയതോടെ ഗൂഗിള്‍ പേ വഴി 2500 രൂപ അയക്കാന്‍ ഇവര്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് അന്വേഷണ സംഘം അറിയിച്ചു.
ലഹരിമരുന്ന് വാങ്ങുന്നതിനായാണ് ഡോക്‌ടറില്‍ നിന്നും പണം തട്ടിയെടുത്തതെന്ന് പ്രതികള്‍ സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി. സംഭവശേഷം പ്രതികളായ അനസും അനു കൃഷ്‌ണയും ഡല്‍ഹിയിലേക്ക് പോകാന്‍ പദ്ധതിയിട്ടിരുന്നതായും അന്വേഷണസംഘം വ്യക്തമാക്കി. പിടിയിലായ പ്രതികളില്‍ നിന്നും വടിവാളും ഇരുചക്ര വാഹനങ്ങളും മൊബൈല്‍ ഫോണുകളും പൊലീസ് കണ്ടെത്തി.
ബൈക്ക് മോഷ്‌ടാക്കള്‍ പിടിയില്‍ : ഇടുക്കിയില്‍ രാത്രിയില്‍ കറങ്ങി നടന്ന് ഇരുചക്രവാഹനങ്ങള്‍ മോഷ്‌ടിക്കുന്ന രണ്ടംഗ സംഘം പിടിയില്‍ (Two Bike Thieves Arrested In Idukki). രാജാക്കാട് മാങ്ങാത്തൊട്ടി സ്വദേശി അനൂപ് ബാബു, ഇയാളുടെ സഹായിയായ പ്രായപൂര്‍ത്തിയാകാത്ത ബന്ധു എന്നിവരാണ് അറസ്റ്റിലായത്. കുമളി, വണ്ടിപ്പെരിയാര്‍, വണ്ടന്‍മേട്, ചക്കുപള്ളം എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ഇരുവരും ബൈക്ക് മോഷണം നടത്തിയിരുന്നത്.
സെപ്‌റ്റംബര്‍ 28നാണ് ഇരുവരെയും കുമളി പൊലീസ് പിടികൂടിയത്. രാത്രിയിലെ ബൈക്ക് മോഷണം സംബന്ധിച്ച പരാതികള്‍ ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് മോഷ്‌ടാക്കള്‍ പൊലീസിന്‍റെ പിടിയിലാകുന്നത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലായിരുന്നു രണ്ടംഗ സംഘമാണ് ബൈക്ക് മോഷണത്തിന് പിന്നിലെന്ന വിവരം പൊലീസിന് ലഭിച്ചത്.
ആദ്യം ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ ഇരുവരുടെയും മുഖം വ്യക്തമായിരുന്നില്ല. അന്വേഷണം പുരോഗമിക്കുന്നതിനിടെ സെപ്‌റ്റംബര്‍ 27ന് ചക്കുപള്ളം പളിയക്കുടിയിലെ ഒരു വീട്ടില്‍ എത്തിയ മോഷ്‌ടാക്കള്‍ അവിടെ നിന്നും ബൈക്ക് കടത്താന്‍ ശ്രമിച്ചു. എന്നാല്‍, സംഭവം ശ്രദ്ധയില്‍പ്പെട്ട വീട്ടുകാര്‍ ബഹളം വച്ചതോടെ ഇവര്‍ അവിടെ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു.
പിന്നാലെ നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ ഉപയോഗിച്ച ബൈക്ക് പൊലീസ് കണ്ടെത്തി. കസ്റ്റഡിയിലെടുത്ത ബൈക്ക് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പൊലീസ് കണ്ടെത്തിയത്.