കോഴിക്കോട് : വയനാട് മുട്ടിലില്‍ നിന്ന് പെരുമ്പാവൂരിലേക്ക് ഈട്ടിമരം കടത്തിയ വാഹനം പിടികൂടി. കോഴിക്കോട് കൊടുവള്ളിയിൽ നിന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരാണ് ലോറി പിടികൂടിയത്. പിടിച്ചെടുത്ത വണ്ടി വനം വകുപ്പ് വയനാട്ടിലേക്ക് കൊണ്ടുപോയി. പെരുമ്പാവൂരിൽ നിന്നും ഫെബ്രുവരി എട്ടിന് ഈട്ടി കസ്റ്റഡിയിലെടുത്തിരുന്നു.
READ MORE: മുട്ടിൽ മരം മുറി സംഭവം; പൊലീസ് അന്വേഷണം ആരംഭിച്ചു
അതേസമയം കേസ് അന്വേഷണം സ്റ്റേ ചെയ്യണമെന്ന, പ്രതികളിലൊരാളായ ആന്‍റോ അഗസ്റ്റിന്‍റെ ആവശ്യം ഹൈക്കോടതി തള്ളി. മുട്ടിൽ വനംകൊള്ളയക്ക് പിറകിൽ വൻ മാഫിയാ സംഘമെന്നാണ് സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കിയിരിക്കുന്നത്. പുറത്ത് വന്നത് മഞ്ഞുമലയുടെ അറ്റമെന്നും സർക്കാർ അറിയിച്ചു.
എന്നാൽ മരം മുറിക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ എന്ത് നടപടിയെടുത്തുവന്നും മരം മുറിക്കാൻ അനുമതി നൽകിയത് ഏത് സാഹചര്യത്തിലാണെന്നും ഹൈക്കോടതി സർക്കാരിനോട് ചോദിച്ചു. ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണത്തിനും കോടതി നിർദേശിച്ചിട്ടുണ്ട്.
READ MORE: മുട്ടിൽ മരംമുറി : പ്രതിപക്ഷം സഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി
മുട്ടിൽ വില്ലേജിൽ മരം മുറിക്കാൻ സർക്കാർ ഉത്തരവുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ആദിവാസികളുടെ ഭൂമിയിൽ നിന്ന് പ്രതികൾ മരം മുറിച്ചെടുത്തത്. ഇതിന് പിന്നിൽ ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.