കോഴിക്കോട്: ആവോലത്ത് ഇരുനില കെട്ടിടത്തിലുണ്ടായ അഗ്നിബാധയിൽ ലക്ഷങ്ങളുടെ നാശനഷ്ടമെന്ന് പരാതി. ചക്കാലക്കൽ രാധാകൃഷ്ണന്റെ വീടിനോട് ചേർന്ന ഓടിട്ട കെട്ടിടത്തിലാണ് ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ തീ പിടിത്തം ഉണ്ടായത്. റഫ്രിജറേറ്റർ, ടിവി, വാഷിംഗ് മെഷീൻ, ഫർണ്ണിച്ചറുകൾ, വസ്ത്രങ്ങൾ, മുകൾ നിലയിൽ സൂക്ഷിച്ചിരുന്ന രണ്ടായിരത്തോളം തേങ്ങയും കത്തി നശിച്ചിട്ടുണ്ട്.
ചേലക്കാട് നിന്നെത്തിയ ഫയർഫോഴ്സ് സംഘം ഒരു മണിക്കൂറിലേറെ പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അടുക്കളയിൽ ഭക്ഷണം പാചകം ചെയ്യുന്നതിനിടയിൽ തീ പടർന്നതാണെന്നാണ് പ്രാഥമിക നിഗമനം. മൂന്നര ലക്ഷത്തോളം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് വിലയിരുത്തൽ.