കോഴിക്കോട്: കേരള പോലീസും ദേവസ്വം ബോർഡും മറ്റു ചില പ്രധാന വകുപ്പുകളും സംയുക്തമായി ശബരിമലയിൽ നടപ്പാക്കി വരുന്ന പുണ്യം പൂങ്കാവനം പദ്ധതിയോടനുബന്ധിച്ച് ശബരിമലയിലേയ്ക്ക് നടത്തുന്ന സന്ദേശ തീർഥയാത്ര കോഴിക്കോട് ശ്രീകണ്ഠേശ്വേരം ക്ഷേത്ര സന്നിധിയിൽ നിന്ന് ആരംഭിച്ചു. ജില്ലാ പൊലീസ് മേധാവി DIG എ വി ജോർജ് IPS , മാതൃഭൂമി ചെയർമാനും ശ്രീകണ്‌ഠേശ്വരം ക്ഷേത്രം പ്രസിഡന്‍റുമായ പി.വി. ചന്ദ്രനും ചേർന്ന് യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. ചടങ്ങിൽ വെച്ച് പുണ്യം പൂങ്കാവനം പദ്ധതി നടപ്പാക്കി വരുന്ന 10 ക്ഷേത്രങ്ങൾക്ക് മുൻഗണനാ ക്രമത്തിൽ ചെടികൾ നൽകി.
തീർഥയാത്രാസംഘം കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം, കോട്ടയം, പത്തനംതിട്ട എന്നിവിടങ്ങളിലെ 20ഓളം ക്ഷേത്രം സന്ദർശിച്ച് പൂങ്കാവനമാക്കാനുള്ള ചെടികൾ വിതരണം ചെയ്യും. തുടര്‍ന്ന് ഡിസംബർ 5ന് എരുമേലി എത്തിച്ചേരുന്ന സംഘം ഡിസംബർ 6 ന് ഘോഷയാത്രയായി ശബരിമല സന്നിധാനത്ത് എത്തുകയും ദേവസ്വം ബോർഡ് അനുവദിച്ച സ്ഥലത്ത് ചെടികൾ നടുകയും ചെയ്യും. ശുചിത്വ ഭാരതം എന്ന സ്വപ്നം യാതാഥ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുണ്യം പൂങ്കാവനം എന്ന പദ്ധതി നടത്തുന്നത്.