കോഴിക്കോട്: അന്തർ സംസ്ഥാന പെൺവാണിഭ സംഘത്തിലെ പ്രധാന കണ്ണി പിടിയിൽ. ബത്തേരി മടക്കിമല സ്വദേശി ഇല്ല്യാസ് എന്ന റിച്ചു (34) വാണ് കോഴിക്കോട് റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. കക്കാടംപൊയിൽ റിസോർട്ടിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പലർക്കും കാഴ്ചവെച്ചെന്ന കേസിൽ കഴിഞ്ഞ അറസ്റ്റിലായ ഫർസാനയും ഇയാളുടെ കൂട്ടാളിയാണ്. വയനാട്ടിലെ റിസോർട്ടിൽ പെൺകുട്ടികളെ ആവശ്യക്കാർക്ക് എത്തിക്കുന്നത് ഇയാളാണ്.
വളരെ തന്ത്രപരമായാണ് റാക്കറ്റ് സംഘം പ്രവർത്തിക്കുന്നത്. പിടികൂടാതിരിക്കാൻ വാഹനങ്ങൾ മാറ്റി ഉപയോഗിക്കുകയും വീടുകൾ മാറി താമസിക്കുകയുമാണ് സംഘം ചെയ്യുന്നത്. കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരുടെ ഫോട്ടോകൾ വരെ ഇയാളുടെ കൈവശമുണ്ട്. മനുഷ്യക്കടത്ത്, ബലാത്സംഗം തുടങ്ങിയ കേസുകളും ഇയാളുടെ പേരിലുണ്ട്. എസ്.ഐ ശ്രീനിവാസൻ, പി. മോഹനകൃഷ്ണൻ, എം.പി ശ്യാം തുടങ്ങിയവരാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.