കോഴിക്കോട്: എൻഐടി കോഴിക്കോടിന്‍റെ കലാസാംസ്കാരിക ഉത്സവം രാഗം 20ന് തിരി തെളിഞ്ഞു. ഡയറക്ടർ ശിവാജി ചക്രവർത്തി ദീപം തെളിച്ചാണ് രാഗം 20 ഉദ്ഘാടനം ചെയ്തത്. രജിസ്ട്രാർ ലെഫ്. കേണൽ ഡോ. പങ്കജാക്ഷൻ, ഡീൻ ഓഫ് സ്റ്റുഡന്റ്സ് വെൽഫെയർ ഡോ. എസ്.ഡി. മധുകുമാർ, രാഗം കൺവീനർ ഡോ. എ. സാന്റിയാഗു, കൾച്ചറൽ അഫേഴ്സ് സെക്രട്ടറി സച്ചിൻ സെബാസ്റ്റ്യൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ജനുവരി 10ന് ആരംഭിച്ച് 12ന് സമാപിക്കുന്ന രാഗത്തിന് ഇന്ത്യയിലെ വിവിധ കോളജുകളിൽ നിന്നായി 90000ത്തോളം വിദ്യാർഥികൾ പങ്കെടുക്കും.
നൃത്തം, സംഗീതം, സാഹിത്യം തുടങ്ങിയ കലാവിഭാഗങ്ങളിൽ നിന്നുള്ള മത്സരങ്ങൾക്ക് പുറമെ ശില്പശാലകളും പ്രദർശനങ്ങളും കലാനിശകളും അരങ്ങേറും. പ്രശസ്ത ബോളിവുഡ് ഗായികയായ ശൽമാലി ഘോൽഗാഡെയുടെ സംഗീതനിശ, പ്രസിദ്ധ ബാൻഡ് സനത്തിന്റെ ദക്ഷിണേന്ത്യയിലെ ആദ്യകലാസന്ധ്യ, റിത്വിസ് നയിക്കുന്ന ഡിജെ നൈറ്റ് എന്നിവ രാഗം 20ന്റെ ഭാഗമായി അണിനിരക്കും. റഫീഖ് മംഗലശ്ശേരിയുടെ നാടകം ‘ജിമ്മ്’ വേദിയിൽ അരങ്ങേറും.