കോഴിക്കോട് : താമരശ്ശേരി രൂപതയിൽ കുറ്റവിചാരണ കോടതി സ്ഥാപിച്ചു (Syro Malabar Catholic Eparchy Of Thamarassery). രൂപതാധ്യക്ഷൻ ബിഷപ് റെമിജിയോസ് ഇഞ്ചനാനിയിൽ കുറ്റവിചാരണ കോടതി സ്ഥാപിച്ച് ഉത്തരവിറക്കി. താമരശ്ശേരി രൂപതാംഗമായ ഫാ. അജി പുതിയാപറമ്പിലിനെ (Fr. Aji Puthiyaparambil) കുറ്റവിചാരണ ചെയ്യുന്നതിന് വേണ്ടിയാണ് കോടതി സ്ഥാപിച്ചിരിക്കുന്നത്.
ദീപിക ദിനപത്രത്തിന്‍റെ മാനേജിങ് ഡയറക്‌ടർ ഫാ. ബെന്നി മുണ്ടനാട്ട് ആണ് കുറ്റവിചാരണ കോടതിയുടെ അധ്യക്ഷൻ. ഫാ. ജയിംസ് കല്ലിങ്കൽ വി സി, ഫാ. ആന്‍റണി വരകിൽ എന്നിവരാണ് സഹജഡ്‌ജിമാർ (Religious court for priest trial). കലാപത്തിന് വിശ്വാസികളെ പ്രേരിപ്പിച്ചു, സിറോ മലബാർ ബിഷപ്‌സ് സിനഡിന്‍റെ (Syro Malabar Bishops Synod) തീരുമാനങ്ങൾക്ക് വിരുദ്ധമായ നിലപാടെടുത്തു, നൂറാംതോട് ഇടവകയിൽ ചുമതല ഏറ്റെടുത്തില്ല തുടങ്ങിയവയാണ് വൈദികനെതിരെ ചുമത്തിയിട്ടുള്ള പ്രധാന കുറ്റങ്ങൾ.
സസ്പെൻഷൻ ഉത്തരവിൽ പറഞ്ഞിരുന്ന ഒളിവിൽപോയി (Absconding) എന്ന കുറ്റം പുതിയ കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പ്രാഥമിക അന്വേഷണം നടത്തിയതിന് ശേഷമാണ് കുറ്റവിചാരണ കോടതി സ്ഥാപിച്ചതെന്ന് ഉത്തരവിൽ പറയുന്നു. നിലവിൽ ഫാ. അജി പുതിയാപറമ്പിലിന് നൽകിയിരുന്ന സസ്പെൻഷൻ (Fr. Aji Puthiyaparambil suspension) റദ്ദാക്കിയതായും ഉത്തരവിൽ പറയുന്നു.
സിറോ മലബാർ സഭ (Syro Malabar Church) നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച ശേഷം ശുശ്രൂഷാദൗത്യം ഉപേക്ഷിച്ച താമരശ്ശേരി രൂപതയിലെ വൈദികനാണ് കോഴിക്കോട് മുക്കം എസ്എച്ച് പള്ളി വികാരിയായിരുന്ന ഫാ. അജി പുതിയാപറമ്പിൽ. 'മനുഷ്യൻ കണ്ടുപിടിച്ച ആരാധനക്രമ നിയമങ്ങൾക്കാണു ദൈവത്തിന്‍റെ നിയമങ്ങളായ സ്‌നേഹം, കാരുണ്യം എന്നിവയെക്കാൾ പ്രാധാന്യം. ഇതിന്‍റെ പേരിൽ എറണാകുളം ബസലിക്ക പൂട്ടിയിട്ടു.
ജനാഭിമുഖ കുർബാനയോടാണ് ഭൂരിപക്ഷത്തിനും താത്പര്യം. സഭാപിതാക്കന്മാർ ക്രിമിനൽ കേസുകളിൽ പ്രതികളാകുന്നു. രാഷ്ട്രീയമായി അവിശുദ്ധ കൂട്ടുകെട്ടുകളുണ്ടാക്കുന്നു. അതിനുവേണ്ടി വിലപേശുന്നു. സാധാരണ വിശ്വാസികളും സന്ന്യസ്‌തരും വൈദികരും വിഷമത്തിലാണ്. ഭയംമൂലം ആരുമൊന്നും പറയുന്നില്ലെന്നേയുള്ളൂ' -ഇതായിരുന്നു ഫാ. അജി ഉയർത്തിയ പ്രധാന വിമർശനം.
ഇതിന് പിന്നാലെ നൂറാംതോട് പള്ളിയിലേക്ക് സ്ഥലം മാറ്റിയിരുന്നെങ്കിലും അദ്ദേഹം ചുമതല ഏറ്റെടുത്തിരുന്നില്ല. സഭയുടെ മധ്യകാലഘട്ടത്തിൽ കുറ്റവിചാരണ കോടതികളിലൂടെ നടത്തിയ ക്രൂരതകൾക്കും അധികാര ദുർവിനിയോഗത്തിനും മഹാജൂബിലി വർഷത്തിൽ ജോൺ പോൾ II മാർപ്പാപ്പ (Pope John Paul II) മാപ്പു പറഞ്ഞിരുന്നു.