കോഴിക്കോട്: മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ കേസിൽ സുരേഷ്ഗോപി ഇന്ന് പൊലീസിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകും. നടക്കാവ് സ്‌റ്റേഷനിലാണ് ഹാജരാവുക. നടക്കാവ് ഇംഗ്ലീഷ് പളളി മുതൽ പൊലീസ് സ്‌റ്റേഷൻ വരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ, ശോഭ സുരേന്ദ്രൻ, എം.ടി രമേഷ്, പി.കെ കൃഷ്‌ണദാസ് തുടങ്ങിയ നേതാക്കൾ സുരേഷ് ഗോപിയെ അനുഗമിക്കും.
കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി ഈ മാസം 18ന് മുന്‍പ് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് പൊലീസ് നോട്ടീസ് നല്‍കിയിരുന്നത്. കോഴിക്കോട് നടക്കാവ് പൊലീസാണ് സുരേഷ് ഗോപിക്ക് നോട്ടിസ് അയച്ചത്. സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയെന്ന മാധ്യമപ്രവര്‍ത്തകയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
നോട്ടീസ് ലഭിച്ച സാഹചര്യത്തില്‍ ഇന്ന് ഹാജരാകുമെന്ന് സുരേഷ് ഗോപി അറിയിക്കുകയായിരുന്നു. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതി പിന്നീട് നടക്കാവ് പൊലീസിന് കൈമാറുകയായിരുന്നു. സുരേഷ് ഗോപി സ്ത്രീത്വത്തെ അപമാനിച്ചുവെന്നും മോശം ഉദ്ദേശത്തോടെ പെരുമാറിയെന്നുമാണ് മാധ്യമപ്രവർത്തക പരാതിയിൽ ആരോപിച്ചത്.
സംഭവം അന്വേഷിക്കുമെന്ന് വ്യക്തമാക്കിയ കമ്മീഷണർ പരാതി നടക്കാവ് പൊലീസിന് കൈമാറുകയായിരുന്നു. തുടര്‍ന്നാണ് സുരേഷ് ഗോപിക്കെതിരെ ഐപിസി 354 എ വകുപ്പ് പ്രകാരം ലൈംഗിക ഉദ്ദേശത്തോടെ പെരുമാറിയതിന് നടക്കാവ് പൊലീസ് കേസെടുത്തത്. രണ്ട് വര്‍ഷം തടവോ അല്ലെങ്കില്‍ പിഴയോ ഇതു രണ്ടും ഒരുമിച്ചോ ലഭിക്കാവുന്ന വകുപ്പാണിത്.
വിവാദ കേസ് ഇങ്ങനെ: ഇക്കഴിഞ്ഞ ഒക്ടോബര്‍ 27നാണ് കേസിനാസ്‌പദമായ വിവാദ സംഭവം. കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലില്‍ മാധ്യമപ്രവർത്തകരോട് സുരേഷ് ഗോപി സംസാരിക്കുന്നതിന്‍റെ ഇടയിലാണ് സംഭവം നടന്നത്.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് തുടര്‍ ചോദ്യങ്ങള്‍ ചോദിച്ച മാധ്യമപ്രവർത്തകയുടെ ചുമലിൽ അനുവാദമില്ലാതെ സുരേഷ് ഗോപി പിടിക്കുകയായിരുന്നു. മാധ്യമപ്രവർത്തക ആദ്യം ഒഴിഞ്ഞുമാറിയെങ്കിലും സുരേഷ് ഗോപി വീണ്ടും കൈ ചുമലിൽ വയ്ക്കാൻ ശ്രമിച്ചു. ഈ സമയത്ത് മാധ്യമപ്രവര്‍ത്തക കൈ തട്ടി മാറ്റുകയായിരുന്നു.
സംഭവം വിവാദമായതോടെ സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയോട് ക്ഷമ ചോദിച്ച് രംഗത്ത് വന്നിരുന്നു. എന്നാൽ സുരേഷ് ഗോപിയുടേത് വിശദീകരണം മാത്രമാണെന്നും മാപ്പ് പറച്ചിൽ അല്ലെന്നും ചൂണ്ടിക്കാട്ടിയാണ് മാധ്യമപ്രവർത്തക നിയമ നടപടിയുമായി മുന്നോട്ട് പോയത്. തുടര്‍ന്ന് ഒക്ടോബര്‍ 28ന് രാവിലെ മാധ്യമപ്രവര്‍ത്തക കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കുകയായിരുന്നു.
ALSO READ:'നോ ബോഡി ടച്ചിങ് പ്ലീസ്; വഴി തടഞ്ഞാല്‍ ഞാനും കേസ് കൊടുക്കും', മാധ്യമങ്ങളോട് സുരേഷ് ഗോപി
സുരേഷ് ഗോപിയുടെ പ്രതികരണം: തന്‍റെ വഴി തടഞ്ഞാല്‍ താനും കേസ് കൊടുക്കുമെന്ന് മാധ്യമങ്ങളോട് തുറന്നടിച്ച് സുരേഷ് ഗോപി (Suresh Gopi). കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് തൃശൂരില്‍ ഒരു പൊതു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ മാധ്യമങ്ങള്‍ മുന്നിലെത്തിയപ്പോഴായിരുന്നു സുരേഷ് ഗോപി പ്രതികരിച്ചത്.
'നോ ബോഡി ടച്ചിങ്, പ്ലീസ് കീപ് എവേ ഫ്രം മീ, വഴി നിഷേധിക്കരുത്, ഞാൻ കേസ് കൊടുക്കും. ദയവു ചെയ്‌ത്, വഴി തടയരുത്. എനിക്കും മുന്നോട്ടു പോകാന്‍ അവകാശം ഉണ്ട്. ക്ലോസ് അറിയണോ?' എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.