കോഴിക്കോട് : ഔട്ട്‌ലെറ്റിൽ സാധനങ്ങൾ ഇല്ലെന്ന് രേഖപ്പെടുത്തിയ മാനേജരെ സസ്പെന്‍ഡ് ചെയ്‌ത സംഭവത്തിൽ സപ്ലൈകോയോട് വിശദീകരണം തേടി ഹൈക്കോടതി. സസ്പെൻഷൻ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് മാനേജർ നിധിൻ നൽകിയ ഹർജിയിലാണ് നടപടി. രാഷ്ട്രീയ തിരിച്ചടി ഒഴിവാക്കാനായി തന്നെ ബലിയാടാക്കുകയായിരുന്നുവെന്നും ഇല്ലാത്ത സാധനങ്ങൾക്ക് വേണ്ടി ആളുകൾ ക്യൂ നിൽക്കാതിരിക്കാനാണ് വിലവിവരപ്പട്ടികയിൽ ഇല്ല എന്ന് രേഖപ്പെടുത്തിയതെന്നുമാണ് ഹർജിയിലെ വാദങ്ങൾ.
കോഴിക്കോട് പാളയത്തെ സപ്ലൈകോ ഔട്ട്ലെറ്റിൽ സാധനങ്ങൾ ഇല്ലായെന്ന് വിലവിവര പട്ടികയിൽ പ്രദർശിപ്പിച്ചതിനെ തുടർന്നായിരുന്നു മാനേജർ നിധിനെ സസ്പെന്‍ഡ് ചെയ്‌തത്. മാധ്യമ വാർത്തകളെ തുടർന്നായിരുന്നു നടപടി.
പരിശോധനയിൽ ഇല്ലെന്ന് രേഖപ്പെടുത്തിയ പല സാധനങ്ങളും സ്‌റ്റോക്കുണ്ടായിരുന്നതായി കണ്ടെത്തി. തുടർന്ന് ഔട്ട്‌ലെറ്റ് മാനേജര്‍ക്ക് കാരണം കാണിക്കൽ നോട്ടിസ് നൽകി. എന്നാൽ വിശദീകരണം തൃപ്‌തികരമല്ലാത്തതിനാൽ മാനേജിങ് ഡയറക്‌ടർ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തുവെന്നാണ് സപ്ലൈകോ പറയുന്നത്. എന്നാൽ സ്‌റ്റോക്കുണ്ടെന്ന് കണ്ടെത്തിയ സാധനങ്ങൾ പൂപ്പൽ പിടിച്ചതാണെന്നായിരുന്നു മാനേജരുടെ വാദം.
സപ്ലൈകോയിൽ 13 അവശ്യസാധനങ്ങളാണ് സബ്‌സിഡി നിരക്കിൽ നൽകുന്നത്. എന്നാൽ സംസ്ഥാനത്തെ പല ഔട്ട്‌ലെറ്റുകളിലും അവശ്യസാധനങ്ങൾ ഇല്ലെന്ന പരാതി നിയമസഭയിൽ പ്രതിപക്ഷം ഉയർത്തിയിരുന്നു. വിപണി വിലയേക്കാൾ 20രൂപ മുതൽ 30 രൂപ വരെ കുറച്ചാണ് സപ്ലൈകോ, ത്രിവേണി സ്‌റ്റോറുകളിൽ സബ്‌സിഡി നിരക്കിൽ സാധനങ്ങൾ നൽകുന്നത്.
കടല, പയർ, മുളക്, വൻ പയർ തുടങ്ങിയ ഇനങ്ങൾക്ക് വിപണിയിൽ ദൗർലഭ്യമാണെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ പറഞ്ഞിരുന്നു. എന്നാൽ സാധനങ്ങൾക്ക് വില കുറച്ചെങ്കിലും ഔട്ട്‌ലെറ്റുകളിൽ ഉത്‌പന്നങ്ങൾ ലഭ്യമല്ലാത്തത് സാധാരണക്കാരെ പ്രതിസന്ധിയിലാക്കുന്നു.
അതേസമയം സപ്ലൈകോ, ത്രിവേണി മാവേലി സ്‌റ്റോറുകളിൽ അവശ്യസാധനങ്ങളുടെ ലഭ്യതക്കുറവാണ് സാധാരണക്കാരെ ആശങ്കയിലാക്കുന്നത്. ഓണം അടുക്കുന്നതോടെ വിപണിയില്‍ കൂടുതല്‍ സാധനങ്ങൾ എത്തുമെന്നും സബ്‌സിഡി സാധനങ്ങൾ സാധാരണക്കാർക്ക് ലഭ്യമാക്കാൻ സർക്കാർ ഇടപെടുമെന്നുമാണ് പ്രതീക്ഷ.
സപ്ലൈകോ സ്‌റ്റോറുകൾ, ത്രിവേണി, മാവേലി സ്‌റ്റോറുകൾ എന്നിവ വഴി സബ്‌സിഡി നിരക്കിൽ അവശ്യസാധനങ്ങൾ വിൽപന നടത്തുന്ന പതിവുണ്ടായിരുന്നു. എന്നാൽ അവശ്യ സാധനങ്ങൾ സപ്ലൈകോ സ്‌റ്റോറുകളിൽ ലഭ്യമല്ല. 20 രൂപ മുതൽ 30 രൂപ വരെ വില കുറച്ചാണ് സപ്ലൈകോ വഴി വിൽപന നടത്തുന്നത്.
മുൻ വർഷങ്ങളിൽ സർക്കാർ ഓണക്കിറ്റ് കൊടുത്തിരുന്നു. എന്നാൽ ഈ വർഷം സർക്കാർ കിറ്റുണ്ടാകില്ലെന്ന് പറയുന്നുണ്ട്. 13 ഇന അവശ്യ സബ്‌സിഡി സാധനങ്ങള്‍ക്ക് വിലകൂട്ടില്ലെന്ന് സര്‍ക്കാര്‍ നല്‍കിയ വാക്ക് പാലിക്കുന്നുണ്ടെങ്കിലും സബ്‌സിഡി ഇനങ്ങൾ സാധാരണക്കാർക്ക് ലഭ്യമാകുന്നില്ല എന്നതാണ് വാസ്‌തവം. മാവേലി സ്റ്റോറുകളിലും റേഷൻ കടകളിലും സ്ഥിതി വ്യത്യസ്‌തമല്ല.
സബ്സിഡി സാധനങ്ങൾ വിറ്റ 2000കോടിയാണ് സർക്കാർ സപ്ലൈകോയ്ക്ക് നൽകാനുളളത്. അതിനാൽ സാധനങ്ങൾ നൽകുന്ന കമ്പനികൾക്ക് പണം കൊടുക്കാൻ സപ്ലൈകോയ്ക്ക് കഴിയുന്നില്ല.