കോഴിക്കോട്: കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ ഞായറാഴ്ചകളില്‍ ലോക്ക്ഡൗൺ ഏര്‍പ്പെടുത്തി. ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് ആക്ട് പ്രകാരം കോഴിക്കോട് കലക്ടര്‍ സാംബശിവ റാവുവാണ് ഉത്തരവിറക്കിയത്.
ഏപ്രിൽ 18 മുതൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെയാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. ഞായറാഴ്ച അഞ്ച് പേരിൽ കുറഞ്ഞ ആളുകൾക്ക് മാത്രമാണ് കൂടിച്ചേരാൻ അനുവാദമുള്ളത്. അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാവൂ.
അവശ്യ വസ്തുക്കളുടെയും സേവനങ്ങളുടെയും കടകളും സ്ഥാപനങ്ങളും രാത്രി ഏഴ് വരെ പ്രവര്‍ത്തിക്കാം. പാര്‍ക്ക്, വിനോദ കേന്ദ്രങ്ങൾ എന്നിവ തുറന്നുപ്രവര്‍ത്തിക്കാൻ പാടില്ല. ബീച്ചിലും പ്രവേശനമുണ്ടാകില്ല. ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങള്‍ക്കും സാധരണനിലയിൽ പ്രവർത്തിക്കാം. പൊതുഗതാഗത സംവിധാനം സാധാരണ നിലയിൽ പ്രവര്‍ത്തിക്കുമെന്നും കലക്ടറുടെ ഉത്തരവിൽ പറയുന്നു.
മേൽ പറഞ്ഞിരിക്കുന്ന നിയന്ത്രണങ്ങൾ ലംഘിക്കുകയാണെങ്കിൽ 2005 ലെ ദുരന്തനിവാരണത്തിന്‍റെ 51 മുതൽ 60 വരെയുള്ള വകുപ്പുകൾ പ്രകാരവും, ഇന്ത്യൻ പീനൽ കോഡിന്‍റെ 188 വകുപ്പ് പ്രകാരവും ഉചിതമായ മറ്റ് ചട്ടങ്ങൾ പ്രകാരവും നിയമനടപടികൾക്ക് വിധേയമാക്കേണ്ടിവരുമെന്നും കലക്‌ടറുടെ ഉത്തരവിൽ വ്യക്തമാക്കുന്നു.