കോഴിക്കോട് : കോഴിക്കോട് പെരുമണ്ണയ്ക്ക് സമീപം പുത്തൂർ മഠം, ആമ്പിലോളി ഭാഗങ്ങളിൽ തെരുവ് നായയുടെ കടിയേറ്റ് നാല് പേർക്ക് ഗുരുതരമായ പരിക്കേറ്റു (Four injured in stray dog attack at Kozhikode). ആമ്പിലോളി നഫീസ, മേലെ കുമ്മങ്ങൾ മൂസ, പന്തീരാങ്കാവ് പോസ്റ്റ് ഓഫീസ് ജീവനക്കാരനായ പടിഞ്ഞാറേ ചാലിൽ സുധീഷ്, പുത്തൂർ മഠത്ത് ഓട്ടോ ഡ്രൈവറായ ഫൈസൽ എന്നിവർക്കാണ് തെരുവു നായയുടെ ആക്രമണത്തിൽ പരിക്കേറ്റത്.
നാലുപേർക്കും കൈകൾക്കും നെഞ്ചിനും കാലിനും ആണ് കടിയേറ്റത്. ഇതിൽ ആമ്പിലോളി നഫീസയുടെ വലതു കൈയുടെ എല്ലിന് പൊട്ടലും സംഭവിച്ചിട്ടുണ്ട്. ഇന്നലെ രാവിലെ 10 മണിയോടെയാണ് സംഭവം നടന്നത്. മൂന്നുപേരും വീടിന് പുറത്തു നിൽക്കുമ്പോഴാണ് ഓടിയെത്തിയ തെരുവുനായ കടിച്ചത്.
പോസ്റ്റ് ഓഫീസ് ജീവനക്കാരനായ സുധീഷ് കത്തുകളുമായി പുത്തൂർ മഠം ഭാഗത്ത് എത്തിയപ്പോഴാണ് തെരുവുനായ ആക്രമിച്ചത്. പരിക്കേറ്റ നാലുപേരും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. പുത്തൂർ മഠം ഭാഗത്ത് ഏറെക്കാലമായി തെരുവുനായ്ക്കളുടെ രൂക്ഷമായ ശല്യം നേരിടുന്നുണ്ട്. ഇതിനെതിരെ നിരവധി തവണ പരാതി നൽകിയിട്ടും ഒരു പരിഹാരവും ഉണ്ടായിട്ടില്ലെന്ന് പ്രദേശവാസികൾ പരാതി പറഞ്ഞു.
Also read: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മൂന്നര വയസുകാരനെ കടിച്ച് തെരുവ് നായ, കുട്ടി രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്: വീഡിയോ
അടുത്തിടെയാണ് മൂന്നര വയസുകാരന് തെരുവ് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെയാണ് തെരുവ് നായ ആക്രമിച്ചത്. തൃശ്ശൂര്‍ പാവറട്ടിലാണ് സംഭവം. വീട്ടുമുറ്റത്ത് തനിയെ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടിയെ നായ ആക്രമിക്കുകയും കുട്ടിയുടെ കരച്ചിൽ കേട്ട് വീട്ടുകാർ ഓടി എത്തുകയുമായിരുന്നു.ഉടൻ തന്നെ വീട്ടുകാര്‍ ഓടിയെത്തിയതിനാലാണ് വലിയ അപകടം ഒഴിവായത്.