കോഴിക്കോട്: ഫുട്‌ബോൾ ലോകകപ്പിനെ വരവേൽക്കാൻ ഒരുങ്ങുമ്പോൾ, കോഴിക്കോട് ഫിഫ വേൾഡ് കപ്പ് തന്നെ റെഡിയാണ്. ഒപ്പം സുവർണ പാദുകവുമുണ്ട്. എല്ലാം ചിരട്ടയിൽ നിര്‍മിച്ചതാണെന്ന് മാത്രം.
പയ്യാനക്കൽ ചാമുണ്ഡിവളപ്പിലെ റബിനാസിൽ സക്കീറാണ് ഇതിന് പിന്നില്‍. ചെറുപ്പം മുതല്‍ മനസിൽ പതിഞ്ഞ ഈ രൂപങ്ങൾ ചിരട്ടയില്‍ തീർത്തപ്പോൾ സക്കീറിന് ഇത് ആഹ്‌ളാദ നിമിഷം. അരയ്‌ക്ക് താഴെ തളർന്ന സക്കീറിന് ഒരാശ്വാസവും കൂടിയാണ് ഇത്.
സക്കീറിന്‍റെ ജീവിതത്തിൽ അലിഞ്ഞ് ചേർന്നതാണ് ഫുട്‌ബോൾ. ജന്മനാ ചെറിയ വൈകല്യമുണ്ടായിരുന്നിട്ടും തൊട്ടടുത്ത നൈനാംവളപ്പിലും മറ്റ് മൈതാനങ്ങളിലും സക്കീർ കാല്‍പ്പന്ത് കളിക്കാന്‍ എത്തിയിരുന്നു. മത്സ്യവിൽപ്പന നടത്തിയും ചുമട് എടുത്തും ജീവിച്ചു.
അതിനിടയിൽ ശരീരം പണി മുടക്കി, അരയ്‌ക്ക് താഴെ തളർന്നു. ചികിത്സയിലൂടെ വീണ്ടും നടന്നു. ഒരു ദിവസം ആശുപത്രിയിൽ പോയി തിരിച്ചു വന്നതിന് പിന്നാലെ അസ്വസ്ഥത അനുഭവപ്പെട്ടു. വീണ്ടും തളർന്ന് കിടപ്പിലായി.
ചെറുപ്പത്തിലേ കലാവാസനയുള്ള സക്കീറിന് സുഹൃത്തുക്കളാണ് ലോകകപ്പ് നിർമിക്കാൻ ചിരട്ട എത്തിച്ച് കൊടുത്തത്. അത് മുറിച്ച്, മിനുക്കി ചിരട്ട പൊടിയും പശയും ഉപയോഗിച്ച് കപ്പിൻ്റെ മാതൃക തീർത്തു. സ്വർണ നിറം പൂശി. 150 ലേറെ ചിരട്ടകൾ ഉപയോഗിച്ചാണ് ഈ രൂപങ്ങളെല്ലാം നിർമിച്ചത്.
സക്കീറിൻ്റെ കഷ്‌ടപ്പാട് കണ്ട് പന്നിയങ്കര സ്റ്റേഷനിലെ രണ്ട് വനിത പൊലീസുകാർ ചിരട്ട മുറിക്കാൻ ഒരു യന്ത്രം വാങ്ങി നൽകി. അതോടെ നിർമാണത്തിന് വേഗത കൂടി. ഈ സ്വർണക്കപ്പ് ഫിഫയ്‌ക്ക് അയച്ച് കൊടുക്കാനാണ് സക്കീറിൻ്റെ ആഗ്രഹം.
ആരു ചോദിച്ചാലും വിൽക്കാനും സക്കീര്‍ തയാറാണ്. ചെലവിൻ്റെ കാശ് കിട്ടിയാൽ മതി. ഭാര്യയും മൂന്ന് മക്കളുമാണ് സക്കീറിൻ്റെ കരുത്ത്. രണ്ട് പെൺമക്കൾ വിവാഹിതരാണ്. മകൻ പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുന്നു.