കോഴിക്കോട്: പൊലീസ് സ്റ്റേഷനുകളിൽ എത്തുന്ന സംസാര ശേഷിയും കേൾവി ശക്തിയും ഇല്ലാത്തവർക്ക് സഹായകമാകാൻ ആംഗ്യഭാഷ പഠിച്ച് കേരള പൊലീസ്. കേരളത്തിൽ ആദ്യമായി കോഴിക്കോട് സിറ്റി പൊലീസാണ് പദ്ധതി നടപ്പാക്കിയത്. ചേവായൂർ സി.ആർ.സി (കോമ്പോസിറ്റ് റീജിയണല്‍ സെന്‍റര്‍ ഫോര്‍ സ്‌കില്‍ ഡെവലപ്‌മെന്‍റ്) യുമായി ചേർന്നാണ് കേരള പൊലീസിന്‍റെ പുതിയ ഉദ്യമം.
സിറ്റി പൊലീസ് പരിധിയിലെ എല്ലാ പൊലീസ് സ്റ്റേഷനിൽ നിന്നും നാല് പൊലീസുകാർക്കാണ് ഇന്ത്യൻ സൈൻ ലാംഗ്വേജിൽ പ്രാഥമിക പരിശീലനം ലഭിച്ചത്. സംസാരശേഷി ഇല്ലാത്തവരുടെ മൊഴി നിയമപരമായി കോടതി തെളിവായി സ്വീകരിക്കുമെന്നതിനാല്‍ അത് രേഖപ്പെടുത്താൻ പൊലീസ് ഉദ്യോഗസ്ഥർ ബാധ്യസ്ഥരാണ്. പലപ്പോഴും ഈ ഉത്തരവാദിത്തം നിർവഹിക്കാൻ വിദഗ്‌ധരുടെ സേവനം തേടുകയാണ് പൊലീസിന്‍റെ പതിവ്.
രണ്ട് ദിവസങ്ങളിലായി നൂറോളം പൊലീസുകാർക്കാണ് ആംഗ്യഭാഷ പരിശീലനം ലഭിച്ചത്. ഈ ശില്‍പ്പശാലയ്‌ക്ക് പിന്നാലെ 14 ദിവസത്തെ സർട്ടിഫിക്കറ്റ് കോഴ്‌സും നടത്തുന്നുണ്ട്. പൊലീസ് സ്റ്റേഷനുകൾ ഭിന്നശേഷി സൗഹൃദമാക്കുന്നതിന്‍റെ ഭാഗമായി ഇരിപ്പിടങ്ങളും മറ്റ് സൗകര്യങ്ങളുമാണ് ഇതുവരെയും ഒരുക്കിയിരുന്നത്.
എന്നാൽ സ്റ്റേഷനിലെത്തുന്ന സംസാരശേഷി ഇല്ലാത്തവരോട് ആശയവിനിമയം നടത്താൻ പൊലീസുകാർ പലപ്പോഴും പ്രയാസപ്പെടുകയായിരുന്നു. അതുകൊണ്ട് തന്നെ ഈ പദ്ധതി സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും വ്യാപിപ്പിച്ച് ഭിന്നശേഷി സൗഹൃദമാക്കുക എന്ന ലക്ഷ്യമാണ് പൊലീസിനും സി.ആർ.സിക്കുമുള്ളതെന്ന് പദ്ധതി കോർഡിനേറ്റർ കൂടിയായ സ്‌പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്‍റ് കമ്മിഷണർ എ. ഉമേഷ് പറഞ്ഞു.
സിറ്റി പൊലീസ് കമ്മീഷണർ എ. അക്‌ബർ ഉദ്‌ഘാടനം ചെയ്‌ത ശില്‍പശാലയിൽ എബിലിറ്റി ആർട്‌സ് ആൻഡ് സയൻസ് കോളജിലെ വിദഗ്‌ധർ പരിശീലനത്തിന് നേതൃത്വം നൽകി.