കോഴിക്കോട്: കാലിക്കറ്റ് സർവകശാലയിൽ തങ്ങൾ ഉയർത്തിയ ബാനറുകൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇടപെട്ട് അഴിപ്പിച്ചതിൽ പ്രതിഷേധവുമായി എസ്എഫ്ഐ (SFI Protest Against Governor). പൊലീസ് ബാനറുകള്‍ അഴിച്ചതിന് പിന്നാലെ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകര്‍ സര്‍വകലാശാലയില്‍ വീണ്ടും ബാനര്‍ ഉയര്‍ത്തി (SFI Re Hoisted Banner Against Governor in Calicut Campus).
രാത്രി ഏഴോടെയാണ് ഗവർണർ പുറത്തിറങ്ങി ബാനറുകൾ അഴിപ്പിച്ചത്. ഇതിന് ശേഷം എട്ടുമണിക്ക് മുൻപുതന്നെ പി എം ആർഷോയുടെ നേതൃത്വത്തിൽ പ്രകടനമായി വന്ന എസ്‌എഫ്‌ഐ പ്രവർത്തകർ വീണ്ടും ബാനർ ഉയർത്തി. ആരിഫ് മുഹമ്മദ് ഖാന്‍റെ കോലവും പ്രവര്‍ത്തകര്‍ കത്തിച്ചു.
ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കുന്ന തരത്തിലുള്ളതാണ് ഗവര്‍ണറുടെ നടപടിയെന്നും, ഇവിടെ കെട്ടിയ രാഷ്ട്രീയ മുദ്രാവാക്യമുയര്‍ത്തിയ ബാനറുകള്‍ സംഘപരിവാർ തലച്ചോറുപേറുന്ന ചാന്‍സലര്‍ ഭയപ്പെടുകയാണെന്നും ആർഷോ പറഞ്ഞു.
ക്യാമ്പസിനകത്ത് പ്രകോപനം ഉണ്ടാക്കാനുള്ള വ്യാപക ശ്രമമാണ് ഗവർണർ നടത്തുന്നത്. എല്ലാ സംയമനവും പാലിച്ചാണ് എസ്എഫ്‌ഐ നില്‍ക്കുന്നത്. സമരത്തിൽ ഉയർത്തിയ വിഷയങ്ങളിൽ നിർന്ന് ചർച്ചമാറ്റാനാണ് ശ്രമം. ഇന്ന് രാത്രിയോടെ സർവകലാശാലയിൽ നൂറ് കണക്കിന് ബാനറുകൾ കെട്ടുമെന്നും എസ്‌എഫ്ഐ വ്യക്തമാക്കി.
Also Read: സെനറ്റ് നോമിനേഷൻ ലിസ്‌റ്റ് ഗവർണര്‍ക്ക് ആരാണ് നല്‍കിയതെന്നത് ഇപ്പോഴും ദുരൂഹം; പിഎം ആർഷോ
ഉച്ചയ്ക്ക് ഒരു ചടങ്ങിൽ പങ്കെടുത്ത ശേഷം കാമ്പസിൽ എത്തിയ ഗവർണർ കാറിൽനിന്ന് പുറത്തിറങ്ങുന്നതിനിടെ ബാനറുകൾ സ്ഥാപിച്ചതിത് കണ്ട് രോഷപ്രകടനം നടത്തിയിരുന്നു. റോഡിൽ ഇറങ്ങി നടന്ന് ഓരോ ബാനറും വായിച്ചതിനു ശേഷമാണ് അദ്ദേഹം രാജ്ഭവൻ സെക്രട്ടറിയെ ഫോണിൽ വിളിച്ച് കടുത്ത അതൃപ്‌തി അറിയിച്ചത്.
ബാനറുകൾ കെട്ടാൻ അനുവദിച്ചത് എന്തിനെന്ന് ആരാഞ്ഞ്, ഇതേപ്പറ്റി വൈസ് ചാൻസിലറോട് വിശദീകരണം ചോദിക്കാനും രാജ്‌ഭവൻ സെക്രട്ടറിയോട് ഗവർണർ ആവശ്യപ്പെട്ടു. മാധ്യമപ്രവർത്തകർക്കു മുന്നിൽവെച്ച് ബാനറിലെ വാക്കുകൾ അടക്കം എടുത്തുപറഞ്ഞാണ് ഗവർണർ രാജ്ഭവൻ സെക്രട്ടറിക്ക് നിർദേശം നൽകിയത്. ബാനറുകൾ എന്തുകൊണ്ടാണ് ഇവിടെനിന്ന് നീക്കാത്തതെന്ന് പോലീസുകാരോടും ഗവർണർ ആരാഞ്ഞു.
രാത്രിയായിട്ടും ബാനറുകൾ നീക്കാതായതോടെ വീണ്ടും പുറത്തിറങ്ങിയ ഗവർണർ പോലീസുകാർക്ക് നേരെ ശകാരവർഷം നടത്തി. ഇതോടെയാണ് പോലീസ് ബാനർ നീക്കാൻ തയ്യാറായത്.
Also Read: എസ്എഫ്ഐ പ്രതിഷേധവും ഉപരോധവും മറികടന്ന് ഗവര്‍ണര്‍; സമരക്കാരെ കണക്കിന് പരിഹസിച്ച് ആരിഫ് മുഹമ്മദ് ഖാന്‍
കഴിഞ്ഞ ദിവസം തന്നെ സർവകലാശാല കാമ്പസിൽ നിരവധി പോസ്റ്ററുകളും ബാനറുകളും എസ്എഫ്ഐ സ്ഥാപിച്ചിരുന്നു. 'സംഘി ചാൻസലർ വാപ്പസ് ജാവോ' എന്നായിരുന്നു ബാനറുകളിലൊന്നിൽ എഴുതിയിരുന്നത്. ഈ ബാനർ അടക്കം വായിച്ചുനോക്കിയ ശേഷമാണ് ഗവർണർ നടപടി ആവശ്യപ്പെട്ടത്.