കോഴിക്കോട് : ഇടുക്കിയിൽ കൊല്ലപ്പെട്ട എസ്.എഫ്.ഐ പ്രവർത്തകൻ്റെ വിലാപയാത്ര കടന്നുപോയതിന് പിന്നാലെ കോൺഗ്രസ് ഓഫിസുകൾക്ക് നേരെ വ്യാപക ആക്രമണം. കൊയിലാണ്ടി, ചിങ്ങപുരം, എടച്ചേരി, മുക്കാളി എന്നിവിടങ്ങളിലാണ് ആക്രമണമുണ്ടായത്.
കൊടിമരങ്ങൾ പിഴുതെറിഞ്ഞതിന് പിന്നാലെ ഓഫിസുകൾക്ക് നേരെ കല്ലേറും ഉണ്ടായി. കൊയിലാണ്ടിയില്‍ പ്രതിഷേധവുമായി രംഗത്തെത്തിയ കോൺഗ്രസ് പ്രവർത്തകർ കൊടിമരം പുനഃസ്ഥാപിച്ചു.
കണ്ണൂരില്‍ കോണ്‍ഗ്രസ് നേതാവിന്‍റെ വീടിന് നേരെ ബോംബേറ്
കോൺഗ്രസ് ചക്കരക്കല്ല് മണ്ഡലം ജനറല്‍ സെക്രട്ടറിയുടെ വീടിന് നേരെ ബോംബേറുണ്ടായി. സി.സി. രമേശന്‍റെ കണയന്നൂരിലെ വീടിന് നേരെയായിരുന്നു ആക്രമണം.
വിലാപയാത്ര കടന്നുവന്ന തലശ്ശേരി-കണ്ണൂർ റോഡരികിലെ കോൺഗ്രസ് സ്തൂപങ്ങളും, കൊടിമരങ്ങളും സിപിഎം പ്രവര്‍ത്തകര്‍ അടിച്ചുതകർത്തു. തോട്ടട എസ്.എൻ കോളേജിന് മുന്നിലെ ഷുഹൈബ് സ്മാരക ബസ് കാത്തിരിപ്പ് കേന്ദ്രം തകർത്തു.
കെ.എസ്.യു സ്തൂപവും ബസ് കാത്തിരിപ്പ് കേന്ദ്രവും തകർക്കുന്നത് ചിത്രീകരിച്ച ഓൺലൈൻ ചാനല്‍ പ്രവര്‍ത്തകനില്‍ നിന്നും മൊബൈൽ ഫോണും മൈക്കും വിലാപയാത്രയിൽ പങ്കെടുത്തവർ തട്ടിയെടുത്തു.
also read: പ്രതിപക്ഷ നേതാവിന്‍റെ സുരക്ഷ വര്‍ധിപ്പിച്ചു ; പൈലറ്റ് വാഹനം ഉൾപ്പടെ അനുവദിച്ച് ഉത്തരവ്
ലോറിയിലെത്തിയ ഒരു സംഘം ആളുകൾ നടാലിലെ കോൺഗ്രസ് ഓഫിസ് തകർത്തു. വായനശാലയും നവ രശ്മി ക്ലബ്ബും അടിച്ചുതകർക്കുകയായിരുന്നു. പൊലീസ് നോക്കി നിൽക്കെയാണ് സംഭവമെന്നും നാട്ട പ്രകാശൻ എന്ന സിപിഎം പ്രവർത്തകന്‍റെ നേതൃത്വത്തിലാണ് ആക്രമണമുണ്ടായതെന്നും കോൺഗ്രസ് ആരോപിച്ചു.