കോഴിക്കോട്: സന്തോഷ് ട്രോഫി ഗ്രൂപ്പ് ചാമ്പ്യന്‍മാരായി കേരളം ജയിച്ച് കയറിയപ്പോൾ വന്നുചേർന്നത് വേർപാടിൻ്റെ ദുഃഖ വാർത്ത. മധ്യനിരയില്‍ തിളങ്ങിയ റിസ്‌വാന്‍ അലിയുടെ പിതാവിന്‍റെ വിയോഗം ടീമിനെയാകെ തളര്‍ത്തിയിരിക്കുകയാണ്. കാസർകോട് തൃക്കരിപ്പൂർ സ്വദേശിയായ മുഹമ്മദലിയാണ് (62) മരിച്ചത്. ഫുട്ബോളിനൊപ്പം റിസ്‌വാന്‍ ചേർത്തുപിടിച്ച പേരാണ് ഉപ്പയുടേത്.
സൗദി അറേബ്യയില്‍ ദീർഘകാലം വ്യാപാരിയായിരുന്നു മുഹമ്മദലി. ഹൃദയാഘാതത്തെ തുടർന്നാണ് വിയോഗം. പ്രവാസിയായിരുന്നപ്പോഴും മകൻ്റെ ഫുട്ബോൾ പരിശീലനത്തിന് അദ്ദേഹം വലിയ ശ്രദ്ധ നല്‍കിയിരുന്നു. ഒടുവിൽ, മലപ്പുറം എംഎസ്‌പി ക്യാമ്പിലേക്ക് മികച്ച പരിശീലനത്തിനായി അയച്ചു. മിസോറാമിനെതിരെ ഒരു ഗോളിന് മുന്നിട്ട് നിന്നപ്പോഴാണ് മരണ വിവരം എത്തുന്നത്. ഗോളിന് അവസരം ഒരുക്കിയത് റിസ്‌വാനായിരുന്നു. കളി കഴിഞ്ഞിട്ട് അറിയിക്കാനായിരുന്നു നിർദേശം. വീട്ടിലേക്ക് എത്തിച്ച ശേഷം അറിയിക്കാനായിരുന്നു ടീം തീരുമാനിച്ചിരുന്നതെങ്കിലും കളി നടക്കുന്നതിനിടെ തന്നെ യുട്യൂബ് ലൈവിൽ പലരും മരണ വാർത്ത കമൻ്റ് ചെയ്‌തു.
ആഗ്രഹത്തിനൊത്ത വിജയം: ശക്തരായ മിസോറാമിനെ 5-1ന് തകർത്ത് കേരളം ഗ്രൂപ്പ് ചാമ്പ്യന്‍മാരായതിന്‍റെ ആഹ്ളാദത്തിലായിരുന്നു റിസ്‌വാന്‍. ടീം അംഗങ്ങള്‍ക്കൊപ്പം വിജയാഘോഷം നടത്തുന്നതിനിടെ പിതാവിന്‍റെ വിയോഗ വിവരം അറിയിച്ചു. സന്തോഷം ദുഃഖമായി, ഉടന്‍ മൈതാനം വിട്ടു. ഡ്രസ്സിങ് റൂമില്‍ നിന്ന് സ്വദേശമായ കാസര്‍കോട്ടേക്ക് തിരിച്ചു. 'മോനേ, നന്നായി കളിക്കണം... ചാമ്പ്യന്മാരാകണം'. - തൻ്റെ പ്രിയപ്പെട്ട ഉപ്പയുടെ ഈ വാക്കുകൾ കേട്ട് ഫോൺ ഓഫ് ചെയ്‌തായിരുന്നു താരം കളിക്കളത്തിലേക്ക് ഇറങ്ങിയത്.
ഫൈനല്‍ റൗണ്ട് ഉറപ്പിക്കാനുള്ള കേരളത്തിന്‍റെ ഓരോ കളികളിലും തിളങ്ങിയ താരമാണ് റിസ്‌വാന്‍, ഗോളും നേടി. മധ്യ നിരയില്‍ കേരളത്തിന്‍റെ കരുത്താവാന്‍ താരത്തിനായി. സന്തോഷ് ട്രോഫിയിൽ നിലവിലെ ചാമ്പ്യന്‍മാരായ കേരളം ഇത്തവണ മികച്ച പ്രകടനത്തോടെയാണ് ഫൈനല്‍ റൗണ്ടിലേക്ക് മുന്നേറിയത്. ഒറ്റക്കളി പോലും തോല്‍ക്കാതെ ഗ്രൂപ്പ് ചാമ്പ്യന്‍മാരായാണ് കേരളം ഫൈനൽ റൗണ്ടുറപ്പിച്ചത്. ഗ്രൂപ്പ് രണ്ടില്‍ കരുത്തരായ മിസോറാം ഉള്‍പ്പെടെയുള്ള ടീമുകളെ അനായാസം കീഴടക്കിയാണ് കേരളത്തിന്‍റെ മുന്നേറ്റം. അഞ്ച് കളികളിലും മികച്ച വിജയം. ഗോള്‍ ശരാശിയിലും ഏറെ മുന്‍പില്‍. അടിച്ചുകൂട്ടിയത് 24 ഗോളുകള്‍. വഴങ്ങിയത് രണ്ടെണ്ണം മാത്രമായിരുന്നു.