കോഴിക്കോട്: ലതികാ സുഭാഷ് ഏറ്റുമാനൂർ സീറ്റാണ് ആവശ്യപ്പെട്ടതെന്നും ഇതല്ലാതെ മറ്റ് സീറ്റ് വേണ്ട എന്നവർ പറഞ്ഞിരുന്നുവെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലതിക സുഭാഷ് പ്രതിഷേധം ഒഴിവാക്കേണ്ടതായിരുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു .സ്‌ത്രീകൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകാൻ ശ്രമിച്ചിരുന്നു. മനപൂർവ്വം ആരെയും മാറ്റി നിർത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പിൽ സീറ്റ് കിട്ടിയില്ലെങ്കിൽ ഉടൻ പ്രതിഷേധിക്കുന്ന രീതി ശരിയല്ല . സീറ്റ് ലഭിക്കാത്തവരെ പാർട്ടി സ്ഥാനങ്ങളിലേക്ക് പരിഗണിക്കും. രണ്ട് ദിവസത്തിനകം പാർട്ടിക്ക് അകത്തെ പ്രശ്നങ്ങൾ പരിഹരിക്കുമെന്നും മാർച്ച് 20 ന് യുഡിഎഫ് പ്രകട പത്രിക പുറത്തിറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ അഴിമതിക്കെതിരായ പോരാട്ടത്തിൽ ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നും അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു.