കോഴിക്കോട്: ബഫർസോൺ വിഷയത്തിൽ സർക്കാരിനെതിരെ വിമർശനവുമായി രമേശ് ചെന്നിത്തല എംഎൽഎ. ബഫർസോണിന്‍റെ കാര്യത്തിൽ സംസ്ഥാന സര്‍ക്കാര്‍ കർഷകരെ വഞ്ചിച്ചിരിക്കുകയാണ്. ആദ്യം മുതൽ തന്നെ സര്‍ക്കാര്‍ എടുത്തത് കർഷക ദ്രോഹ നടപടിയാണ്. യാതൊരു ആലോചനയുമില്ലാതെ ലക്ഷക്കണക്കിന് കർഷകരുടെ ജീവിതത്തെ ബാധിക്കുന്ന ഈ പ്രശ്‌നം ലാഘവ ബുദ്ധിയോടെ കൈകാര്യം ചെയ്‌തതാണ് ഗവൺമെന്‍റിന്‍റെ തെറ്റെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
പാവപ്പെട്ട കർഷകരെ വലിയ തോതിലുള്ള ആശങ്കയിലെത്തിച്ചിരിക്കുകയാണ് സര്‍ക്കാര്‍. അതുകൊണ്ട് അവരുടെ ആശങ്കകൾ പരിഹരിക്കണം. സീറോ ബഫർസോണിലേക്ക് കാര്യങ്ങൾ എത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. സുപ്രീംകോടതിയുടെ മുന്നിൽ കർഷകരുടെ പ്രശ്‌നങ്ങൾ അവതരിപ്പിക്കാനുള്ള ശക്തമായ നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഉപഗ്രഹ സർവേ അബദ്ധ പ്രഖ്യാപനം ആയിരുന്നുവെന്നും അദ്ദേഹം വിമർശിച്ചു. സമ്മർദത്തിനു വഴങ്ങിയാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. മന്ത്രി പോലും സർവ്വേയിലെ കുറ്റങ്ങൾ സമ്മതിക്കുന്നുണ്ട്. സർവേ റിപ്പോർട്ടിന്‍റെ കാര്യത്തിൽ മുഖ്യമന്ത്രി വ്യക്തത വരുത്തണം. റിപ്പോർട്ട് പൂർണമായും തള്ളിക്കളയണമെന്നും അദ്ദേഹം പറഞ്ഞു.യാതൊരു മുന്നൊരുക്കവും ഇല്ലാതെ ബാഫർസോൺ വിഷയത്തിൽ സർക്കാർ ഇടപെട്ടുവെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ യുഡിഎഫ് ഉദ്ദേശിക്കുന്നില്ല.
സി കെ ശ്രീധരനെതിരെയും വിമർശനം: പെരിയ കേസിൽ സി കെ ശ്രീധരന്‍റെ നടപടി പ്രതിഷേധാർഹമാണ്. കടുത്ത വഞ്ചനയാണ് അദ്ദേഹം കാണിച്ചത്. കേരളത്തിലെ മനഃസാക്ഷിയുടെ മുന്നിൽ അദ്ദേഹം തെറ്റുകാരനാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
പാർട്ടി മാറിയതിന്‍റെ പേരിൽ കേസ് ഏറ്റെടുക്കാനുള്ള തീരുമാനം ശരിയായായില്ല. തീരുമാനത്തിൽ നിന്നും അദ്ദേഹം പിന്തിരിയണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.