കോഴിക്കോട്: ധനമന്ത്രി നിയമസഭയിൽ അവതരിപ്പിച്ച ബജറ്റ് ജനങ്ങളുടെ നടുവൊടിക്കുന്നതാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പെട്രോളിന് ഏർപ്പെടുത്തിയ രണ്ടു രൂപ സെസ് അംഗീകരിക്കാനാകില്ല. കേന്ദ്ര സർക്കാരിനും സംസ്ഥാനത്തിനും ഒരേ നയമാണ്. നരേന്ദ്ര മോദിയും പിണറായി വിജയനും ചേട്ടൻ ബാവയും അനിയൻ ബാവയുമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കേരളത്തിലെ ജനങ്ങൾക്ക് പെട്രോളിന് സെസ് ഏർപ്പെടുത്തിയത് എന്ത് ന്യായമാണ്. പെട്രോളിന് കൂട്ടിയ വരുമാനം ഉമ്മൻചാണ്ടി സർക്കാർ വേണ്ടെന്ന് വച്ചു. 1000 കോടി രൂപയാണ് അന്ന് വേണ്ടെന്ന് വച്ചത്. എന്നാൽ ഇന്ന് കേന്ദ്രത്തിന്‍റെ അധിക വരുമാനം കുറച്ചില്ലെന്ന് മാത്രമല്ല രണ്ട് രൂപയുടെ സെസ് പെട്രോളിനും ഡീസലിനും വർധിപ്പിച്ചിരിക്കുകയാണ്.
ഇതാണോ ഇടതുപക്ഷ ബദൽ. ഇതാണ് ബദലെങ്കിൽ കേരളത്തിലെ ജനങ്ങളെ നരകത്തിലേക്ക് എത്തിക്കും. ഇപ്പോൾ തന്നെ ജീവിക്കാൻ കഴിയാത്ത ജനങ്ങളെ ആത്‌മഹത്യയിലേക്ക് എത്തിക്കുന്ന ഒരു ബജറ്റാണിത്. ഈ ജനവിരുദ്ധ ബജറ്റിനെതിരെ ശക്തമായ സമരം സംഘടിപ്പിക്കുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.