കോഴിക്കോട് : നവകേരള സദസിലേക്ക് എത്തിയ പരാതികൾക്ക് എപ്പോൾ പരിഹാരമാകും എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമില്ലാതെ തദ്ദേശ സ്ഥാപനങ്ങൾ. പഞ്ചായത്ത് തലം തൊട്ട് പല തവണ ലഭിച്ച പരാതികളാണ് പുതിയ കവറിലാക്കി മുഖ്യമന്ത്രിക്ക് മുന്നിലേക്കെത്തിയത്. നേരത്തെ തട്ടിക്കളിച്ച പരാതികൾ ഒരിക്കൽ കൂടി നവകേരള സദസിന്‍റെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങളിൽ എത്തിയപ്പോൾ എഴുതി തയ്യാറാക്കിയ മറുപടിയാണ് പരാതിക്കാർക്ക് ലഭിക്കുന്നത് (Navakerala Sadas).
ലൈഫ് പദ്ധതിയിൽ വീട് ലഭിച്ചില്ല എന്ന് പരാതിയുമായെത്തിയവര്‍ക്ക് താങ്കൾ അപേക്ഷ സമർപ്പിച്ചില്ല എന്നാണ് മറുപടി ലഭിച്ചത്. പഞ്ചായത്തിലെ പ്രശ്‌നങ്ങൾ പരാതിയിൽ ഉന്നയിച്ചവർക്ക് ഗ്രാമസഭയിൽ പ്രശ്‌നം അവതരിപ്പിക്കാനാണ് നിർദേശം. നവകേരള സദസിലെ ജില്ലാതല പരാതികള്‍ക്ക് രണ്ടാഴ്‌ചയ്ക്കുള്ളില്‍ പരിഹാരമുണ്ടാകുമെന്ന് മുഖ്യമന്ത്രി ആവര്‍ത്തിക്കുമ്പോഴാണ് ഈ പ്രഹസനം (Public Complaints In Navakerala Sadas).
പരാതികൾ വർധിക്കുന്നത് നല്ല പ്രവണതയാണെന്ന് ആയിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ നവകേരള സദസിന്‍റെ തുടക്കത്തിൽ പ്രതികരിച്ചത്. സർക്കാരിൽ വിശ്വാസമുള്ളതുകൊണ്ടാണ് ജനങ്ങള്‍ പരാതികൾ നല്‍കുന്നത്. പരാതികൾ വർധിക്കുന്നത് കൊണ്ട് വേവലാതിപ്പെടേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാൽ കുന്നുകൂടിക്കൊണ്ടിരിക്കുന്ന പരാതികളിൽ പലതും ഗതി കിട്ടാതെ ഫയലിൽ വിശ്രമിക്കുന്ന പഴയപടി തന്നെ തുടരുകയാണ്.
also read: കണ്ണൂരിലെ ജനം പറയുന്നു ഒന്നും കിട്ടിയില്ലെന്ന് ; നവകേരള സദസ് പരാജയമോ?