കോഴിക്കോട്: പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ട വിധവയായ യുവതിയുടെ വീട് സ്വകാര്യ ധനകാര്യ സ്ഥാപനം ആളില്ലാത്ത സമയത്ത് ജപ്‌തി ചെയ്‌തതായി പരാതി. കോഴിക്കോട് കോട്ടൂർ പഞ്ചായത്തിലെ പൂനത്ത് പ്രദേശത്ത് ദേവകിയുടെ വീടാണ് ജപ്‌തി ചെയ്‌തത്. ദേവകി തൊഴിലുറപ്പ് ജോലിക്ക് പോയി തിരികെ വന്നപ്പോഴാണ് ജപ്‌തി നടന്ന വിവരം അറിയുന്നത്.
പത്താം ക്ലാസ്സിൽ പഠിക്കുന്ന ഇവരുടെ കൊച്ചു മകളുടെ പുസ്‌തകം അടക്കം അടച്ചുപൂട്ടിയ വീടിനകത്താണുള്ളത്. ഭവനരഹിതരായ പട്ടികജാതി പട്ടികവർഗ വിഭാഗത്തിന് ലഭിക്കുന്ന ആനുകൂല്യം വിനിയോഗിച്ച് വാങ്ങിയ സ്ഥലത്ത് നിർമിച്ച വീടാണ് ജപ്‌തി ചെയ്‌തത്. അതേസമയം കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് അനുകൂല വിധി സമ്പാദിച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് എച്ച്.സുരേഷ് ആരോപിച്ചു. മാത്രമല്ല സർക്കാർ ആനുകൂല്യം ഉപയോഗിച്ച് നിർമിച്ച വീടിനും സ്ഥലത്തിനും ലോൺ നൽകിയതിലും ദുരൂഹതയുണ്ടെന്ന് പട്ടിക ജാതി ക്ഷേമസമിതിയും കുറ്റപ്പെടുത്തി.
ഒരു മുന്നറിയിപ്പുമില്ലാതെയുള്ള ജപ്‌തി നടപടിക്കെതിരെ നാട്ടുകാരും സിപിഎം പ്രവർത്തകരും പ്രതിഷേധത്തിലാണ്. മൂന്നുലക്ഷം രൂപയാണ് സ്വകാര്യ പണമിടപാട് കമ്പനിയിൽ നിന്നും ദേവകിയുടെ മകൻ ലോണെടുത്തത്. ഗഡുക്കളായി കുറച്ചു പണം തിരിച്ചടച്ചിരുന്നുവെന്നും കുടുംബം വ്യക്തമാക്കി. പത്താംതരം പ്ലസ് ടു പരീക്ഷകൾ എഴുതിക്കൊണ്ടിരിക്കുന്ന കുട്ടികൾ താമസിക്കുന്ന വീടാണ് കമ്പനി അധികൃതർ വ്യാഴാഴ്‌ച ഉച്ചയോടെ ജപ്‌തി ചെയ്‌തത്. തുടര്‍ന്ന് വിവരമറിഞ്ഞെത്തിയ പട്ടികജാതി ക്ഷേമ സമിതി അംഗങ്ങളും നാട്ടുകാരും ചേർന്ന് കുടുംബത്തെ വീട്ടിൽ പ്രവേശിപ്പിച്ചു. എന്തെങ്കിലും തരത്തിലുള്ള മുന്നറിയിപ്പ് നൽകിയിരുന്നെങ്കിൽ പണം തിരിച്ചടയ്ക്കാനുള്ള നടപടി കൈക്കൊള്ളുമായിരുന്നുവെന്ന് പട്ടികജാതി ക്ഷേമ സമിതി വ്യക്തമാക്കി. തുടർനടപടികൾ ആലോചിക്കാൻ സംഘം വീട് സന്ദർശിക്കും.
'ജപ്‌തി' എടുക്കുന്ന ജീവിതങ്ങള്‍: അതേസമയം ഇക്കഴിഞ്ഞ മാസം സഹകരണ ബാങ്കിന്‍റെ ജപ്‌തി ഭീഷണിയെ തുടർന്ന് തൃശൂരിലെ വേലൂരില്‍ 64കാരന്‍ ആത്മഹത്യ ചെയ്‌തതായി ആരോപണം ഉയര്‍ന്നിരുന്നു. കിരാലൂര്‍ കുരിശുപള്ളിയ്ക്ക് സമീപം ചിറ്റിലപ്പിള്ളി വീട്ടില്‍ ഫ്രാന്‍സിസാണ് വീടിനുള്ളില്‍ മരിച്ചത്. സഹകരണ ബാങ്കിന്‍റെ ജപ്‌തി ഭീഷണിയെ തുടർന്നാണ് ഫ്രാന്‍സിസ് ജീവനൊടുക്കിയതെന്നാണ് കുടുംബത്തിന്‍റെ ആരോപണം. കോൺഗ്രസ് ഭരണസമിതിക്ക് കീഴിലുള്ള വേലൂർ സർവീസ് സഹകരണ ബാങ്ക് അധികൃതർ അമ്മയെ ജോലി സ്ഥലത്തുവച്ച് ഭീഷണിപ്പെടുത്തിയെന്ന് ഫ്രാന്‍സിസിന്‍റെ മകന്‍ കിന്‍റോയും ആരോപിച്ചിരുന്നു.
വീട് പണിക്കാണ് ഫ്രാന്‍സിസ് വായ്‌പ എടുക്കുന്നത്. എന്നാല്‍ 2018ൽ മകളുടെ വിവാഹാവശ്യത്തിനായി ഫ്രാന്‍സിസ് ലോണ്‍ പുതുക്കിയിരുന്നു. ഇതിനായി മൂന്ന് ലക്ഷം രൂപയാണ് ഇദ്ദേഹം വായ്‌പയെടുത്തത്. പലിശയടക്കം ഇത് ആറ് ലക്ഷമായി മാറിയിരുന്നു. അതേസമയം വായ്‌പ തിരിച്ചടവിന് ഭീഷണി ഉണ്ടായിട്ടില്ലെന്നും ബാങ്കുമായി നല്ല ബന്ധമാണ് ഫ്രാൻസിസ് പുലർത്തിയിരുന്നതെന്നും വേലൂർ സർവീസ് സഹകരണ ബാങ്ക് അറിയിച്ചു. പണം തിരിച്ചടയ്ക്കുന്നതിൽ വീഴ്‌ച വന്നിരുന്നുവെന്നും കുടിശികയെക്കുറിച്ച് അറിയിപ്പ് നല്‍കിയിരുന്നതല്ലാതെ ബാങ്ക് ഒരു തരത്തിലുള്ള സമ്മർദവും ചെലുത്തിയിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
ശ്രദ്ധിക്കൂ... ആത്‌മഹത്യ ഒരു പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകളുണ്ടായാല്‍ സഹായത്തിനായി ബന്ധപ്പെടുക, അതിജീവിക്കുക. ഹെല്‍പ് ലൈന്‍ നമ്പര്‍: 9152987821.