കോഴിക്കോട് : ലഹരി മാഫിയാസംഘവുമായി അടുത്ത ബന്ധമുള്ള പോലീസുകാരന് സസ്പെൻഷൻ (Policeman Suspended In Kozhikode ). കോടഞ്ചേരി പോലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ രജിലേഷിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്‌തത്. താമരശ്ശേരി അമ്പലമുക്കിൽ ലഹരി മാഫിയ ക്യാമ്പ് നടത്തിയ അയൂബിനൊപ്പം നിൽക്കുന്ന ഫോട്ടോകൾ പുറത്തായതിന് പിന്നാലെയാണ് നടപടി (policeman has links with the drug mafia).
സിപിഒ രജിലേഷിനെതിരെ നടപടി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ സമര രംഗത്ത് ഇറങ്ങുകയും പൊലീസിൽ പരാതി നൽകുകയും ചെയ്‌തിരുന്നു. കൊടുവള്ളി എംഎൽഎ എം.കെ മുനീറും സംഭവത്തിൽ ഡിജിപിക്ക് പരാതി നൽകി. പൊലീസിനെ അക്രമിച്ച കേസിലെ പ്രതി നിബിലിന്‍റെ വീട്ടുമുറ്റത്ത് നിന്നും ഒന്നര മാസം മുമ്പെടുത്ത ഫോട്ടോകളാണ് പൊലീസുകാരനെ കുടുക്കിയത്.
താമരശ്ശേരി അമ്പലമുക്കിൽ അയൂബിന്‍റെ സ്ഥലത്ത് തമ്പടിച്ച ലഹരി മാഫിയ സംഘം സമീപത്തെ പ്രവാസിയുടെ വീട് ആക്രമിക്കുകയും വാഹനങ്ങൾ തകർക്കുകയും ചെയ്‌തിരുന്നു. സ്ഥലത്തെത്തിയ താമരശ്ശേരി പൊലീസിന്‍റെ ജീപ്പും ലഹരി സംഘം തകർത്തിരുന്നു. സംഭവത്തിൽ എട്ടോളം പേര്‍ അറസ്റ്റിലായിട്ടുണ്ട്. ഈ പ്രതികളെ ചോദ്യം ചെയ്‌തതിലൂടെ പൊലീസുകാരനായ രജിലേഷുമായുള്ള ബന്ധം വ്യക്തമായിരുന്നു. നേരത്തെ താമരശ്ശേരി പൊലീസ് സ്റ്റേഷനിലും രജിലേഷ് സേവനമനുഷ്‌ഠിച്ചിരുന്നു. മയക്കുമരുന്ന് മാഫിയാസംഘങ്ങളുമായി താമരശ്ശേരി സ്റ്റേഷനിലെ ചില പൊലീസുകാർക്ക് അടുത്ത ബന്ധമുണ്ടെന്ന് നാട്ടുകാർക്കും പരാതി ഉണ്ടായിരുന്നു.
ALSO READ: താമരശ്ശേരിയിൽ ലഹരി മാഫിയയുടെ ഗുണ്ടാ വിളയാട്ടം; ഒരാൾ കൂടി അറസ്‌റ്റിൽ
അക്രമ സംഭവങ്ങൾക്കിടെ ഒരാൾക്ക് വെട്ടേറ്റിട്ടുമുണ്ട്. പൊലീസ് ജീപ്പിന്‍റേതടക്കം മൂന്ന് വാഹനങ്ങളുടെ ചില്ലുകള്‍ അക്രമിസംഘം തകർത്തിരുന്നു. പ്രവാസിയായ താമരശ്ശേരി അമ്പലമുക്ക് കൂരിമുണ്ടയിൽ മൻസൂറിന്‍റെ വീടാണ് ലഹരി മാഫിയാസംഘം തകർത്തത്. മൻസൂർ വീട്ടിൽ സിസിടിവി സ്ഥാപിച്ചത് തങ്ങളെ കുടുക്കാനാണെന്ന് ആരോപിച്ചായിരുന്നു സംഘത്തിന്‍റെ വിളയാട്ടം. മൻസൂറിന്‍റെ വീടിനോട് ചേർന്ന് അയൂബ് എന്നയാൾ ടെന്‍റ് കെട്ടി മയക്കുമരുന്ന് ഉപയോഗവും വിൽപ്പനയും നടത്തുന്നുണ്ടായിരുന്നു. ഇതിനെ തുടർന്ന് മൻസൂർ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് അയൂബിന്‍റെ കൂട്ടാളികൾ ചേർന്ന് അക്രമം നടത്തിയത്.
ALSO READ: ഷീല സണ്ണി പ്രതിയായ വ്യാജ ലഹരി മരുന്ന് കേസ് : മുൻകൂർ ജാമ്യ ഹർജി നൽകി യുവതി
മൻസൂറിനെ കൂടാതെ ഭാര്യയും മക്കളും അക്രമ സമയത്ത് വീട്ടിലുണ്ടായിരുന്നു. ഭീഷണി ഭയന്ന് വീട്ടുകാർ അകത്ത് കയറി വാതിലടച്ചതോടെ ജനൽ ചില്ലുകളും സിസിടിവി ക്യാമറയും വാഹനവും സംഘം അടിച്ച് തകർക്കുകയായിരുന്നു. നാട്ടുകാരും പൊലീസും സ്ഥലത്തെത്തിയെങ്കിലും സംഘം അക്രമവും ഭീഷണിയും തുടരുകയായിരുന്നു. അതിനിടെ സംഭവം അറിഞ്ഞെത്തിയ അമ്പലമുക്ക് സ്വദേശി ഇർഷാദിന് വെട്ടേൽക്കുകയും പൊലീസ് ജീപ്പ് അടക്കം മൂന്ന് വാഹനങ്ങൾ തകര്‍ക്കപ്പെടുകയുമുണ്ടായി.