കോഴിക്കോട്: ദേശീയ പാതയിൽ നിർമാണം പുരോഗമിക്കുന്ന വടകര മൂരാട് പാലത്തിൻ്റെ തൂണുകൾ ചരിഞ്ഞ നിലയിൽ. രണ്ട് തൂണുകളാണ് ചരിഞ്ഞ നിലയിൽ കാണപ്പെട്ടത്. പുഴയിലെ ശക്തമായ ഒഴുക്കും അശാസ്ത്രീയ നിർമാണവുമാണ് ഇതിന് കാരണമായതെന്നാണ് പരിസരവാസികളുടെ ആരോപണം.
സംഭവത്തിനെതിരെ നാട്ടുകാർ പ്രതിഷേധം തുടങ്ങിയ ഉടന്‍ തന്നെ നിർമാണ കമ്പനി തൂണുകൾ പ്ലാസ്റ്റിക് ഷീറ്റ് വച്ച് മൂടി. നിർമാണ ചുമതലയുള്ള ദേശീയപാത അതോറിറ്റിയോട് വിശദാംശങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പൊതുമരാമത്ത് മന്ത്രി അറിയിച്ചു. എന്നാല്‍ തകരാർ പരിഹരിച്ചു എന്നാണ് കരാർ കമ്പനി മന്ത്രിക്ക് നൽകിയിരിക്കുന്ന പ്രാഥമിക വിശദീകരണം.
വടകര-മൂരാട് പാലം: കോഴിക്കോട്ടുക്കാരുടെ വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ 2020 ലാണ് വടകര മൂരാട് പുതിയ പാലം നിര്‍മാണം ആരംഭിച്ചത്. ദേശീയ പാത 66ലെ പാലം കാലപ്പഴക്കം കാരണം ഏപ്പോള്‍ വേണമെങ്കിലും അപകടത്തില്‍പ്പെട്ടേക്കാമെന്ന നാട്ടുകാരുടെ നിരന്തരമുള്ള പരാതിയെ തുടര്‍ന്നാണ് പുതിയ പാലം നിര്‍മാണം ആരംഭിച്ചത്. വടകരയ്‌ക്കും കൊയിലാണ്ടിക്കും മധ്യത്തിലുള്ള ഈ പാലത്തിനായി നേരത്തെ ടെന്‍ഡര്‍ വിളിച്ചിരുന്നെങ്കിലും വിവിധ കാരണങ്ങളാല്‍ നടപടി ക്രമങ്ങള്‍ വൈകുകയായിരുന്നു.
ഗുജറാത്തില്‍ ഉദ്‌ഘാടനം കഴിഞ്ഞ് 40ാം ദിനം പാലം പൊളിഞ്ഞു: കഴിഞ്ഞ മാസമാണ് ഗുജറാത്തില്‍ നിന്നുള്ള പാലം തകര്‍ച്ചയുടെ വാര്‍ത്ത പുറത്ത് വന്നത്. നിര്‍മാണം പൂര്‍ത്തിയാക്കി ജനങ്ങള്‍ക്ക് തുറന്ന് കൊടുത്തതിന് പിന്നാലെ 40ാം ദിവസമാണ് സൂറത്തിലെ തപി നദിക്ക് കുറുകെയുളള പാലത്തില്‍ അപകടകരമാംവിധം വിള്ളലുകള്‍ രൂപപ്പെട്ടത്. ഇതോടെ 118 കോടി രൂപ ചെലവില്‍ നിര്‍മിച്ച ഉപയോഗ ശൂന്യമായ അവസ്ഥയാണ്.
കാലവര്‍ഷത്തിന് മുമ്പായി വളരെ ആഘോഷമാക്കി ഭരണ കക്ഷിയായ ബിജെപിയാണ് പാലം ജനങ്ങള്‍ക്കായി തുറന്ന് കൊടുത്തത്. സൂറത്തിലെ തപി നദിക്ക് കുറുകെ നിര്‍മിച്ച ഈ പാലത്തില്‍ മണ്‍സൂണ്‍ ആരംഭിച്ച് ഏതാനും ദിവസം മഴ ലഭിച്ചതിന് പിന്നാലെയാണ് വിള്ളലുകള്‍ രൂപപ്പെട്ടത്. 1.5 കിലോമീറ്റര്‍ നീളത്തില്‍ നാലുവരിയായാണ് പാലം നിര്‍മിച്ചിരിക്കുന്നത്.
മഴ പെയ്‌തതിന് പിന്നാലെ പാലത്തില്‍ 50 മീറ്റര്‍ നീളത്തിലും 2 മുതല്‍ 25 ഇഞ്ച് ആഴത്തിലുമാണ് വിള്ളലുണ്ടായത്. പാലത്തിന് മധ്യത്തിലായി രൂപപ്പെട്ട വിള്ളലില്‍ ആശങ്കയിലാണ് ജനങ്ങള്‍. പാലത്തില്‍ വിള്ളലുകള്‍ രൂപപ്പെട്ടതിന് പിന്നാലെ നിര്‍മാണ കമ്പനിക്കും പ്രോജക്‌ട് കണ്‍സള്‍ട്ടന്‍സി ഗ്രീന്‍ ഡിസൈനിനും മുനിസിപ്പല്‍ കോര്‍പറേഷന്‍ നോട്ടിസ് അയച്ചിരുന്നു.
വിള്ളലിന് പിന്നാലെ വിമര്‍ശനങ്ങളും: രാഷ്‌ട്രീയ പാര്‍ട്ടികള്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കങ്ങള്‍ തുടങ്ങിയതിന് പിന്നാലെയുണ്ടായ പാലം വിള്ളല്‍ ഭരണപക്ഷത്തിനെതിരെ ആയുധമാക്കിയിരിക്കുകയാണ് ആംആദ്‌മി പാര്‍ട്ടി. പാലം നിര്‍മാണത്തില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്നാണ് ആംആദ്‌മി പാര്‍ട്ടിയുടെ ആരോപണം. കഴിഞ്ഞ ഒരു മാസത്തിനിടെ സംസ്ഥാനത്തില്‍ ഇത്തരത്തില്‍ അഞ്ച് പാലങ്ങളിലാണ് തകരാര്‍ ഉണ്ടായിട്ടുള്ളതെന്നും ആംആദ്‌മി പറഞ്ഞു. ആരോപണങ്ങള്‍ക്ക് പിന്നാലെ കോര്‍പറേഷന്‍ അധികൃതരെത്തി പാലത്തില്‍ അറ്റകുറ്റ പണികള്‍ നടത്തുകയും ചെയ്‌തിരുന്നു.
also read: കൂളിമാട് പാലം തകര്‍ന്ന സംഭവം: രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊതുമരാമത്ത് വകുപ്പ്