കോഴിക്കോട്: കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ ചുണ്ടത്തും പൊയിലിൽ ടാർ മിക്സിങ് യൂണിറ്റ് ആരംഭിക്കുന്നതിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ. ജനകീയ ആക്ഷൻ കമ്മിറ്റിയുടെ പ്രതിഷേധങ്ങൾക്ക് ഇടയിലാണ് പഞ്ചായത്ത് ഭരണസമിതി യൂണിറ്റിന് അനുമതി നൽകിയത്. ഇതിനെതുടർന്നാണ് ടാർ മിക്സിങ് യൂണിറ്റ് ആരംഭിക്കാനുള്ള സ്വകാര്യ കമ്പനിയുടെ പ്രവർത്തനങ്ങൾ നാട്ടുകാർ തടഞ്ഞുവെച്ചത്.
റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയുടെ നിർദേശത്തെ തുടർന്നാണ് അനുമതി നൽകിയതെന്നാണ് പഞ്ചായത്ത് അധികൃതരുടെ വാദം. പ്രവർത്തനം തടഞ്ഞതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസും നാട്ടുകാരും തമ്മിൽ വാക്കേറ്റമുണ്ടായി. ഡിഎഫ്ഒ, വില്ലേജ് ഓഫീസർ എന്നിവർ യൂണിറ്റിന് എതിരെ കലക്ടർക്ക് റിപ്പോർട്ട് നൽകുകയും തഹസിൽദാറും ആർഡിഒയും സ്റ്റോപ്പ് മെമ്മോ നൽകുകയും ചെയ്ത യൂണിറ്റിനാണ് പഞ്ചായത്ത് ഭരണ സമിതി അനുമതി നൽകിയതെന്നാണ് ആക്ഷൻ കമ്മിറ്റി നേതാക്കൾ പറയുന്നത്. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്ന മിക്സിങ് യൂണിറ്റ് ചുണ്ടത്തും പൊയിലില്‍ യാതൊരു കാരണവശാലും അനുവദിക്കില്ലെന്നും ഇതിനെതിരെയുള്ള സമരപരിപാടികൾ ശക്തമാക്കുമെന്നും നാട്ടുകാർ പറഞ്ഞു.