കോഴിക്കോട്: കലോത്സവ പാചക വിവാദങ്ങളോട് തുറന്നടിച്ച്, പാചക വിദഗ്‌ധൻ പഴയിടം മോഹനൻ നമ്പൂതിരി. ബ്രാഹ്മണ്യത്തിൻ്റെയും പച്ചക്കറിയുടെയും പേരിൽ തന്നെ വിമർശിക്കുന്നവർ ഒന്നോർക്കണം. പൂണൂലിട്ട നമ്പൂതിരിമാരല്ല തൻ്റെ പാചകപ്പുരയിലുള്ളത്. സമൂഹത്തിലെ പല തലത്തിലും പല ജാതി, മത വ്യവസ്ഥയിലുമുള്ള ജീവനക്കാരാണെന്ന് അദ്ദേഹം പറഞ്ഞു.
70 ജീവനക്കാർ രാപ്പകലില്ലാതെ തന്നോടൊപ്പം അധ്വാനിക്കുകയാണ്. അവരെ നയിക്കുകയാണ് താൻ ചെയ്യുന്നത്. അവരാണ് തൻ്റെ ശക്തി, അവരെ മാറ്റി നമ്പൂതിരിമാരെ പ്രതിഷ്‌ഠിച്ചാൽ ഈ വിവാദത്തിന് അടിസ്ഥാനമുണ്ടാകുമായിരുന്നു. കൊവിഡ് കാലത്ത് ആരും തിരിഞ്ഞ് നോക്കാത്ത വർഗമായിരുന്നു അവർ. ഇത് തന്നെ നശിപ്പിക്കാനുള്ള വ്യക്തിപരമായ ആക്രമണമാണ്. അതിൽ പാവം തൊഴിലാളികളാണ് വഴിയാധാരമാകുന്നത്.
'അങ്കം വെട്ടാനുള്ള ബാല്യമില്ല': സ്‌കൂള്‍ കലോത്സവ വേദികളിൽ നിന്ന് പിന്മാറുന്നു എന്നത് ഉറച്ച തീരുമാണ്, അതിൽ മാറ്റമില്ല. അസ്വസ്ഥതയുടെ വിത്തുകൾ കലോത്സവ വേദിയിൽ വിതച്ചിരിക്കുന്നു. അതിനെ വളർത്തി വലുതാക്കി കൊയ്തെടുക്കുന്ന അന്തരീക്ഷത്തിലെത്തിച്ചു. അതിന് കൂട്ടുനിൽക്കാനും താങ്ങാനും അങ്കം വെട്ടാനുമുള്ള ബാല്യമില്ല. ഊട്ടുപുരയിൽ ഭീതിയുടെ അന്തരീക്ഷം ഉടലെടുത്തു. രാത്രി ഉറക്കമൊഴിഞ്ഞ് ഭക്ഷണത്തിന് കാവൽ നിൽക്കേണ്ടി വന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തില്‍ വന്നപ്പോള്‍ തോക്കിൻ മുനയിൽ പാചകം ചെയ്‌തിരുന്നു. ഇപ്പോഴത് നാക്കിൻ മുനയിൽ പാചകം ചെയ്യേണ്ട അവസ്ഥയിലായി.
കൗമാര സ്വപ്‌നങ്ങളിലാണ് വർഗീയതയുടെ വിത്ത് പാകിയത്. നിഷ്‌കളങ്കരായ കുട്ടികളെ മുന്‍പില്‍ നിർത്തി തമ്മിലടിപ്പിക്കുകയാണ്. ഇപ്പോൾ ഉയർന്നുവന്ന ചേരിതിരിവിൻ്റെ വേര് കണ്ടെത്തി മുറിച്ചുകളയണം. മതേതര കേരളം എന്നത് പേരിൽ മാത്രമേയുള്ളൂ. മതാധിഷ്‌ഠിത കേരളത്തിലേക്കാണ് നമ്മുടെ സംസ്ഥാനം പോകുന്നത്. ആ ഭീതിയിൽ നിന്നാണ് പിന്മാറുന്നത്. നോൺ വെജ് വിളമ്പിയാലും അതിൽ വിവാദമുണ്ടാകില്ലേ?. ഏത് കൊടുക്കും ഏത് കൊടുക്കേണ്ട എന്ന തർക്കം വരും. കോഴിയിലും മീനിലും തുടങ്ങി, അത് പിന്നെ മറ്റ് പലതിലേക്കും കടക്കും. അത്തരം ഘട്ടം താങ്ങാനാവില്ല.
'കീശയിൽ നിന്ന് കാശ് പോകുന്ന സ്ഥിതി, എന്നിട്ടും..!': കണ്ണിലെ കൃഷ്‌ണമണിപോലെയാണ് ഊട്ടുപുരയെ കാത്ത് സൂക്ഷിക്കുന്നത്. ഈ ഒരു മനപ്രയാസം കൊണ്ട് തന്നെ തൃശൂരിൽ നടക്കാനിരിക്കുന്ന ദക്ഷിണേന്ത്യൻ ശാസ്ത്രമേളയുടെ പാചകപ്പുരയിൽ നിന്നും പിന്മാറുകയാണ്. സ്‌കൂൾ കലോത്സവങ്ങളിൽ പാചകം ചെയ്‌ത വകയിൽ 52 ലക്ഷത്തോളം രൂപ നഷ്‌ടമാണ് ഉണ്ടായത്. ഏറ്റവും കുറഞ്ഞ തുകയ്‌ക്ക് കരാർ ഏറ്റെടുക്കും, അവസാനം സ്വന്തം കീശയിൽ നിന്ന് കാശ് പോകും. എന്നാൽ മേളയിലെ പെരുമ കൊണ്ട് ദൂരവ്യാപകമായ ഒരു പേരുകിട്ടി. അതിലൂടെയാണ് ഈ നഷ്‌ടം നികത്തുന്നതെന്നും പഴയിടം ഇടിവി ഭാരത് പ്രതിനിധിയോട് പറഞ്ഞു.