കോഴിക്കോട് : മുസ്ലിംലീഗ് മുഖപത്രമായ 'ചന്ദ്രിക'യിലെ സാമ്പത്തിക പ്രശ്നം മുഈന്‍ അലി ഉന്നയിക്കുന്നതിന് മുന്‍പേ പാർട്ടി ചര്‍ച്ച ചെയ്തിരുന്നെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം.
ചന്ദ്രികയില്‍ നടന്നത് ഫണ്ട് തിരിമറിയല്ലെന്നും ഇപ്പോഴുള്ളത് സാമ്പത്തിക പ്രതിസന്ധി മാത്രമാണെന്നും സലാം പറഞ്ഞു. വരി സംഖ്യയായി പിരിച്ചെടുത്ത പണം ചന്ദ്രികയില്‍ എത്തിയിട്ടുണ്ട്.
എല്ലാ സ്ഥാപനങ്ങളിലേതുപോലെയും സാമ്പത്തിക പ്രശ്നങ്ങളാണ് ചന്ദ്രികയിലുമുള്ളത്. ഇത് പരിഹരിക്കാനുളള ശ്രമങ്ങള്‍ ലീഗ് നടത്തും. ഫിനാന്‍സ് ഓഫിസറെ മാറ്റുന്നത് ചര്‍ച്ച ചെയ്തിട്ടില്ലെന്നും സലാം പറഞ്ഞു.
പികെ കുഞ്ഞാലിക്കുട്ടിക്ക് എതിരെ മുഈന്‍ അലി തങ്ങൾ ഉന്നയിച്ച വിഷയം ലീഗ് നേതൃത്വം ഇനിയും ചർച്ച ചെയ്യും. മുഈന്‍ അലിക്കെതിരായ നടപടി പാണക്കാട് കുടുംബവുമായി ആലോചിച്ച് തീരുമാനിക്കും.
ഓഗസ്റ്റ് പതിനാലിന് ലീഗ് പ്രവർത്തക സമിതിയോഗം കോഴിക്കോട് ചേരുമെന്നും സലാം അറിയിച്ചു.
also read: കൊവിഡ് വാക്‌സിനുകൾക്ക് സർക്കാർ സബ്‌സിഡി നൽകണം: വി ഡി സതീശന്‍
ലീഗില്‍ പ്രശ്നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്നത് സിപിഎമ്മാണ്. സിപിഎംകാരനല്ലാത്ത കെ.ടി. ജലീലിനെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നതെന്നും പിഎംഎ സലാം കോഴിക്കോട്ട് പറഞ്ഞു.