കോഴിക്കോട്: നഗരത്തിലെ പാർക്കിങ് പ്ലാസകൾക്കായുള്ള നടപടികൾ കോർപ്പറേഷൻ പൂർത്തീകരിച്ചു. പാർക്കിങ് പ്ലാസയുടെ പണി ആരംഭിക്കുന്നതിനുള്ള ടെൻഡർ നടപടികൾ പൂർത്തിയായി. നഗരത്തിൽ മൂന്നിടങ്ങളിലാണ് പാർക്കിങ് പ്ലാസകൾ വരുന്നത്. മിഠായി തെരുവിനോട് ചേർന്ന കിഡ്സൺ കോർണർ, റെയിൽവേ ലിങ്ക് റോഡ്, കോർപ്പറേഷൻ സ്റ്റേഡിയം എന്നിവിടങ്ങളിലാണ് പാർക്കിങ് പ്ലാസ ആരംഭിക്കുന്നത്. ഇതോടെ നഗരത്തിലെ പാർക്കിങ് പ്രശ്‌നത്തിന് ഒരു പരിധി വരെ പരിഹാരമാകുമെന്നാണ് അധികൃതർ കരുതുന്നത്.
മിഠായി തെരുവിലെത്തുന്ന വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി 2015ൽ വാടക കരാർ കഴിഞ്ഞ കെ.ടി.ഡി.സിയുടെ ഹോട്ടൽ കോർപറേഷൻ അധികൃതർ ഒഴിപ്പിച്ചിരുന്നു. എന്നാൽ ഈ സ്ഥലത്ത് പാർക്കിങ് പ്ലാസ തുടങ്ങുന്നതിനുള്ള സാങ്കേതിക തടസം മാറിയത് അടുത്തിടെയാണ്. തുടർന്നാണ് ടെൻഡർ നടപടിയിലേക്ക് നീങ്ങാൻ കോര്‍പറേഷന് സാധിച്ചത്.