കോട്ടയം : കോണ്‍ഗ്രസിന്‍റെ കോട്ടയം ജില്ലാ നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ടാണ് രാമപുരം ഗ്രാമ പഞ്ചായത്തിൽ അട്ടിമറി നടന്നത്. പാലാ നിയോജക മണ്ഡലത്തിലെ കോൺഗ്രസിന്‍റെ കാലങ്ങളായുള്ള ശക്തി കേന്ദ്രമാണ് രാമപുരം. ഇവിടെയാണ് കോൺഗ്രസ് അംഗം കൂറുമാറി ഇടതുമുന്നണിയിൽ എത്തിയത്.
എൽഡിഎഫിലേക്ക് കൂറുമാറിയ ഷൈനി സന്തോഷിനെ കോൺഗ്രസ് പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി.ഷൈനി സന്തോഷിനെതിരെ കൂറുമാറ്റ നിരോധന നിയമ പ്രകാരം നടപടികൾ സ്വീകരിക്കുമെന്നും യുഡിഎഫ് രാമപുരം മണ്ഡലം കമ്മിറ്റി വ്യക്തമാക്കി. മുൻധാരണയനുസരിച്ച് രണ്ടാം ടേമിൽ കേരള കോൺഗ്രസിലെ ലിസമ്മ മത്തച്ചൻ പ്രസിഡന്‍റും, കെ.കെ ശാന്താറാമിനെ വൈസ് പ്രസിഡന്‍റും ആക്കാനായിരുന്നു തീരുമാനം.
എന്നാൽ അവസാന നിമിഷം ഷൈനി സന്തോഷ് കൂറ് മാറിയതോടെ കാര്യങ്ങൾ തകിടം മറിഞ്ഞു. സാമ്പത്തിക നേട്ടത്തിന് വേണ്ടിയാണ് ഷൈനി കൂറുമാറിയതെന്ന് യുഡിഎഫ് ആരോപിച്ചു. ഷൈനി സന്തോഷ് തന്നെ തെരഞ്ഞെടുത്ത ജനങ്ങളെ വെല്ലുവിളിക്കുകയാണ് ചെയ്‌തതെന്ന് യുഡിഎഫ് പറഞ്ഞു.
മോദിയുടെ രാഷ്‌ട്രീയം കേരള കോൺഗ്രസ് സ്വീകരിച്ചുവെന്നതിന് തെളിവാണ് ഈ കുതിരക്കച്ചവടം.ഷൈനിയെ കോൺഗ്രസിന്‍റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി ഡിസിസി പ്രസിഡന്‍റ് അറിയിച്ചതായും മണ്ഡലം പ്രസിഡന്‍റ് മോളിപീറ്റർ പറഞ്ഞു.ഷൈനി വിപ്പ് കൈപ്പറ്റുകയും പാർലമെന്‍ററി യോഗത്തിൽ പങ്കെടുത്തിരുന്നുവെന്നും മോളിപീറ്റർ വ്യക്തമാക്കി.
Read more: പാലാ രാമപുരം പഞ്ചായത്ത് ഭരണം യു.ഡി.എഫിന് നഷ്‌ടമായി: ഭരണം പിടിച്ച് എൽ.ഡി.എഫ്
പദ്ധതി വിഹിതം ചിലവഴിക്കുന്നതിൽ പരാജയമാണെന്ന് ആരോപിച്ച് ഷൈനി സന്തോഷിനെതിരെ ഇടത് മെമ്പർമാർ പ്രതിഷേധം നടത്തിയിരുന്നു. അന്ന് പരാജയമെന്ന് പറഞ്ഞയാൾ എങ്ങനെയാണിപ്പോൾ നല്ലതായി മാറിയതെന്ന് എൽഡിഎഫ് വ്യക്തമാക്കണം. എൽഡിഎഫിന്‍റെ നിലവാരത്തകര്‍ച്ചയുടെ ഉദാഹരണമാണ് ഇതെന്നും കോൺഗ്രസ് ആഞ്ഞടിച്ചു.
മോളിപീറ്റർ, P. J മത്തച്ചൻ, കെ.കെ ശാന്താറാം, ലിസമ്മ മത്തച്ചൻ, സൗമ്യ സേവ്യർ, മനോജ് ജോർജ്, റോബി തോമസ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.