കോഴിക്കോട്: ഓണാഘോഷങ്ങൾ നിറഞ്ഞു നിന്ന വിദ്യാലയ അന്തരീക്ഷം കൊവിഡ് കാലത്തെ നഷ്‌ടമാണ്. ഈ കൊവിഡ് കാലത്ത് കുട്ടികൾക്കായി ഓൺലൈനിലൂടെ ക്ലാസുകളും പരീക്ഷയും നടക്കുന്നുണ്ടെങ്കിലും ആഘോഷങ്ങളിലും വിനോദ പരിപാടികളിലും പങ്കെടുക്കാൻ സാധിക്കാത്തത് പലർക്കും വലിയ നിരാശയുണ്ടാക്കിയിരുന്നു. വിദ്യാർഥികൾ മഹാബലിയായും വാമനനായും ഓൺലൈൻ ലൈവിലൂടെ പരസ്‌പരം സംഭാഷണത്തിലേർപ്പെടുകയും ഓണാശംസകൾ കൈമാറുകയും ചെയ്തത് അവർക്ക് പുതിയ അനുഭവമായി മാറി.
തിരുവാതിരയും ഡാൻസും ഓണപ്പാട്ടുകളും നാടൻകളികളുമെല്ലാം ഓരോ വിദ്യാർഥിയും തന്‍റെ വീട്ടിലിരുന്ന് ചെയ്യുന്നത് തത്സമയം സഹപാഠികളും അധ്യാപകരും ആസ്വദിച്ചു. ഓരോരുത്തരും വ്യത്യസ്‌ത വിഭവങ്ങൾ തയ്യാറാക്കി സദ്യ ഒരുക്കിയതും ഓൺലൈനിലൂടയുള്ള ഓണവിശേഷത്തിന്‍റെ മാറ്റ് കൂട്ടി. ഒന്നിച്ചിരുന്ന് സദ്യ കഴിക്കാൻ സാധിക്കുന്ന ഒരു നല്ല നാളെയുടെ പ്രതീക്ഷകളുമായാണ് ചടങ്ങുകൾ അവസാനിച്ചത്. വരും ദിവസങ്ങളിൽ കൂടുതൽ വിദ്യാലയങ്ങളും ഇത്തരത്തിൽ ഓൺലൈൻ ഓണാഘോഷം സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്.