കോഴിക്കോട് : Olive Ridley lay eggs at Kolavi : കൊളാവിപ്പാലം കടലാമ സംരക്ഷണ കേന്ദ്രത്തിലെ ഹാച്ചറിയിൽ സംരക്ഷിച്ച ആമ മുട്ടകൾ വിരിഞ്ഞു. തീരം–പ്രകൃതി സംരക്ഷണ സമിതി പ്രവർത്തകർ സംരക്ഷിച്ച 126 മുട്ടകളിൽ 52 എണ്ണമാണ് വിരിഞ്ഞത്. വനം വകുപ്പ് അധികൃതരുടെ സാന്നിധ്യത്തിൽ ആമക്കുഞ്ഞുങ്ങളെ അടുത്ത ദിവസം കടലിലേക്ക് അയക്കും.
കഴിഞ്ഞ നവംബർ 20ന് രാത്രിയാണ് വടകര സാൻഡ്ബാങ്ക്സിന് സമീപം 'ഒലിവ് റിഡ്‌ലി' വിഭാഗത്തിലുള്ള കടലാമ മുട്ടയിടാനെത്തിയത്. കടലാമകളിൽ ഏറ്റവും വലുപ്പം കുറഞ്ഞ വിഭാഗമാണ് ‘ഒലിവ് റിഡ്‌ലി’. കടലാമകളുടെ ഈറ്റില്ലമാണ് കൊളാവിപ്പാലം കടൽ തീരം. ഒരിടവേളയ്ക്കുശേഷം മുട്ടയിടാൻ കടലാമ വീണ്ടും കോളാവിയിലേക്ക് എത്തുന്നത്. ആമ മുട്ടകൾ സംരക്ഷിക്കാൻ കൊളാവിപ്പാലത്ത് പരിസ്ഥിതി സ്നേഹികൾ രൂപീകരിച്ച കൂട്ടായ്‌മയാണ് തീരം സംരക്ഷണ സമിതി.
Read More: കൊളാവി പാലം വീണ്ടും 'ഗര്‍ഭം ധരിക്കുന്നു' ; ഒരായിരം കടലാമ കുഞ്ഞുങ്ങള്‍ക്കായി
ഇവർ ശേഖരിക്കുന്ന മുട്ടകൾ ഹാച്ചറികളിൽ എത്തിച്ചാണ് വിരിയിക്കുന്നത്. തീരത്തെ മണൽ പരപ്പുതന്നെയാണ് കെട്ടിത്തിരിച്ച് ഹാച്ചറിയാക്കുന്നത്. ഇവിടെ രണ്ടടി ആഴത്തിലും ചുറ്റളവിലും കുഴിയുണ്ടാക്കി മുട്ടകൾ അതിൽ നിക്ഷേപിക്കും.
45 മുതൽ 60 ദിവസത്തിനകം സൂര്യതാപമേറ്റ് മുട്ടകൾ വിരിയും. 53 ദിവസത്തിന് ശേഷമാണ് ഈ തവണ മുട്ടകൾ വിരിഞ്ഞത്. തീരം പ്രവർത്തകരായ സി.സതീശൻ, കെ.സുരേന്ദ്രബാബു, പി.സജീവൻ എന്നിവരുടെ നേതൃത്വത്തിലാണ് കടലാമ സംരക്ഷണ കേന്ദ്രത്തെയും ആമകളേയും പരിപാലിച്ച് പോരുന്നത്.