കോഴിക്കോട് : ജീവിതപ്പാളത്തില്‍ മനസ് കൈവിട്ടവരെ ഒപ്പം ചേർത്ത് കൈപിടിച്ച് നടത്തണം. അങ്ങനെയൊരാൾ കൈപിടിച്ചപ്പോൾ ഒരമ്മയ്ക്ക് തിരികെ ലഭിച്ചത് സ്വന്തം ജീവനാണ്. ചിലത് യാദൃശ്ചികമാകാം. ജൂണ്‍ 21ന് ഉച്ചയ്ക്ക് 1.20 ന് കോഴിക്കോട് ജില്ലയിലെ ചെങ്ങോട്ടുകാവ് റെയില്‍വേ ഓവർ ബ്രിഡ്‌ജിന് സമീപത്താണ് സംഭവം.
കൊയിലാണ്ടിയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി മോട്ടോര്‍ ബൈക്കില്‍ ചെങ്ങോട്ടുകാവ് റെയില്‍വേ ഓവർ ബ്രിഡ്‌ജിന് സമീപം എത്തിയപ്പോഴാണ് ദാസൻ അത് കാണുന്നത്. കോഴിക്കോട് ഭാഗത്ത് നിന്ന് ട്രെയിൻ വരുന്നത് അറിയാതെ ട്രാക്കിലൂടെ നടക്കുകയാണ് അമ്മയുടെ പ്രായമുള്ള ഒരു സ്ത്രീ. സിവിൽ ഡിഫൻസ് അംഗം കൂടിയായ ദാസൻ പിന്നെ ഒന്നും ആലോചിച്ചില്ല. ട്രാക്കില്‍ നിന്ന് അവരെ രക്ഷപ്പെടുത്തി.
കാര്യങ്ങൾ ചോദിച്ചപ്പോൾ 87 കാരിയായ ചെങ്ങോട്ടുകാവ് സ്വദേശിനി ഫാത്തിമ പറയുന്നതെല്ലാം പരസ്‌പര വിരുദ്ധം. ട്രാക്ക് മറികടന്ന് ജമീല എന്ന ബന്ധുവിനെ കാണാൻ പോവുകയാണെന്നാണ് ആദ്യം ഫാത്തിമ പറഞ്ഞത്. കൊച്ചുമകള്‍ സുലേഖയാണ് ട്രാക്കിനടുത്ത് കൊണ്ടുവിട്ടത്. പ്രദേശത്ത് അന്വേഷിച്ചപ്പോൾ ജമീല എന്ന ഒരാൾ അവിടെയില്ലെന്ന് നാട്ടുകാർ പറഞ്ഞതായി ദാസൻ ഇ.ടി.വി ഭാരതിനോട് പറഞ്ഞു. പിന്നെയും ഫാത്തിമയോട് ദാസൻ കാര്യങ്ങൾ ചോദിച്ചു.
തന്നെ അവിടെ കൊണ്ടുവിട്ട കൊച്ചുമകള്‍ മാടാക്കര എന്ന സ്ഥലത്ത് താമസിക്കുന്നുണ്ടെന്ന് അറിയിച്ചു. തുടര്‍ന്ന്, ദാസന്‍ വൃദ്ധയെ ഒന്നര കിലോമീറ്റര്‍ അകലെയുള്ള കടല്‍ത്തീരപ്രദേശത്തെ കൊച്ചുമകള്‍ സുലേഖയുടെ വീട്ടില്‍ കൊണ്ടുചെന്നാക്കി. അവിടെ പിന്നെയും കാര്യങ്ങൾ പരസ്‌പര വിരുദ്ധമാകുകയായിരുന്നു. ജീവിതത്തിലേക്ക് തിരിച്ചെത്തിയ ഫാത്തിമയോട് സ്‌നേഹമായിരുന്നില്ല സുലേഖയില്‍ നിന്നുണ്ടായത്. ഇത് കാര്യങ്ങൾ കൂടുതല്‍ സംശയത്തിലേക്ക് നയിച്ചതായി ദാസൻ വെളിപ്പെടുത്തി.
അന്വേഷണവുമായി ഇ.ടി.വി ഭാരത് : ദാസൻ പറഞ്ഞതിനേക്കാൾ കൂടുതല്‍ കാര്യങ്ങൾ ഫാത്തിമയുടെ വീട്ടുകാർക്കറിയുമായിരിക്കാം എന്ന ബോധ്യത്തില്‍ ഇ.ടി.വി ഭാരത് അവിടെയെത്തി. കൊച്ചുമകള്‍ സുലേഖ പ്രതികരിച്ചത് ഇങ്ങനെയാണ്... 'ബന്ധുവിന്‍റെ വീട്ടിലേക്ക് റെയില്‍വേ ട്രാക്ക് മറികടന്ന് പോകേണ്ടതില്ല. പാളമെത്തുന്നതിന് മുന്‍പാണ് ബന്ധുവായ ജമീലയുടെ വീട്.
ട്രാക്കിനടുത്തല്ല, താന്‍ അങ്ങോട്ടുള്ള വഴിയിലാണ് കൊണ്ടുചെന്നാക്കിയത്. എന്നാല്‍, താന്‍ പ്രമേഹ രോഗിയായതുകൊണ്ട് അവരുടെ പിന്നാലെ പോകാന്‍ കഴിഞ്ഞില്ല'- സുലേഖ പറയുന്നു. താന്‍ ഉമ്മുമ്മയെ റെയില്‍വേ ട്രാക്കില്‍ കൊണ്ട് തള്ളിയിട്ടില്ല. അവരോട് തനിക്കും കുടുംബത്തിനും സ്‌നേഹം മാത്രമാണുള്ളതെന്നും സുലേഖ ആവർത്തിച്ച് പറയുന്നു.
ജീവിതത്തിലേക്ക് തിരികെ പിടിച്ചതിന് അഭിനന്ദനം: ഫാത്തിമയുടെ കുടുംബാംഗങ്ങൾ പറയുന്ന കാര്യങ്ങൾ പരസ്‌പര വിരുദ്ധവും സംശയങ്ങള്‍ ശേഷിപ്പിക്കുന്നവയാണെങ്കിലും ദാസന്‍ രക്ഷിച്ചത് ഒരു ജീവനാണ്. ആ ഇടപെടലിന് കൊയിലാണ്ടി ഫയർ ആന്‍ഡ് റെസ്ക്യു സ്റ്റേഷന്‍ ദാസനെ അഭിനന്ദനം അറിയിച്ചു. സോഷ്യല്‍ മീഡിയയിലും ദാസന് അഭിനന്ദനപ്രവാഹമാണ്.