കോഴിക്കോട്: സാമ്പത്തിക പ്രയാസം നേരിടുന്ന വീട്ടമ്മമാർക്ക് പലിശ രഹിത വായ്പ പദ്ധതി നടപ്പിലാക്കി വാർഡ് അംഗം. തലക്കുളത്തൂർ പഞ്ചായത്ത് പതിനൊന്നാം വാർഡിലെ യുഡിഎഫ് അംഗം പ്രൊഫ ഒജെ ചിന്നമ്മയാണ് പദ്ധതി വിയകരകമായി നടപ്പിലാക്കിയത്. ചിന്നമ്മയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ വാഗ്ദാനമാണ് നടപ്പിലാക്കിയിരിക്കുന്നത്.
ഗുണം 400 വീടുകൾക്ക്
ഈ പദ്ധതിയിലൂടെ വാർഡിലെ 400 ഓളം വീടുകളിലുള്ള 100 വനിതകൾക്കാണ് വായ്പ ലഭിക്കുന്നത്. ജനകീയ വികസന സമിതി സർവേയിലൂടെയാണ് വനിതകളെ കണ്ടെത്തിയത്. വാർഡ് മെമ്പർ ചിന്നമ്മയും സുമനസുകളും ചേർന്നാണ് ആദ്യ ഘട്ടത്തിൽ പദ്ധതിക്കായി ആവശ്യമായ പണം കണ്ടെത്തിയത്. ആദ്യഘട്ടത്തിൽ 20 പേർക്ക് 1000 രൂപ വീതം വിതരണം ചെയ്തിരുന്നു.
മൂന്ന് മാസത്തിനകം ഈ തുക ഗഡുക്കളായി പണം തിരിച്ചടക്കണമെന്നാണ് ചട്ടം. വീഴ്ച്ച വരുത്തുന്നവരെ പദ്ധതിയിൽ നിന്ന് ഒഴിവാക്കും. കൃത്യത പാലിക്കുന്നവർക്ക് തുടർ വായ്പാ അനുവദിക്കും. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ വെറും വാക്കാകുന്ന കാലത്ത് ചിന്നമ്മയുടെ 'പ്രകടനം' ആദ്യം വിവാദമായെങ്കിലും നടപ്പിലാക്കിയപ്പോൾ പലർക്കും വലിയ തുണയായി.
കൊവിഡ് കാലത്തെ വറുതിയിൽ നിന്ന് പല കുടുംബങ്ങൾക്കും വായ്പ പദ്ധതി വലിയ ആശ്വാസമായി. ഒപ്പം നാട്ടിൽ സജീവമായ ഇതര സംസ്ഥാന വട്ടിപ്പലിശക്കാരിൽ നിന്ന് മോചനവും.
Also read: ആ പിഴവിന് പരിഹാരം; എസ്എസ്എൽസി പരീക്ഷയിൽ ഹാജരായില്ലെന്ന് രേഖപ്പെടുത്തിയ വിദ്യാർഥിയെ ജയിപ്പിച്ചു