കോഴിക്കോട്: ചാത്തമംഗലം വെള്ളനൂർ സാവിത്രി ദേവി സാബു മെമ്മോറിയൽ വിമൻസ് കോളജിന്‍റെ എൻ. എസ്. എസ് സപ്തദിന ക്യാമ്പ് പ്രദേശത്തെ കർഷകർക്ക് കൈത്താങ്ങായി മാറി. കര്‍ഷകരെ സഹായിക്കാൻ പ്രദേശത്തെ നാല് കിലോമീറ്റർ നീളമുള്ള വെള്ളനൂർ ലിഫ്റ്റ് ഇറിഗേഷൻ കനാലാണ് എൻ. എസ്. എസ് വിദ്യാര്‍ഥിനികള്‍ വൃത്തിയാക്കിയത്.
നാല് ദിവസം കൊണ്ട് കര്‍ഷകരുടെ സഹായത്തോടെയാണ് കനാല്‍ വിദ്യാര്‍ഥികള്‍ വൃത്തിയാക്കിയത്. പ്രളയകാലത്ത് മാലിന്യം അടിഞ്ഞതിനാല്‍ കനാലിലൂടെയുള്ള ജലസേചനം അസാധ്യമായിരുന്നു. കനാൽ വൃത്തിയാക്കിയതിലൂടെ പ്രദേശത്തെ കര്‍ഷകര്‍ക്ക് കാര്‍ഷിക ആവശ്യത്തിന് വെള്ളം ലഭിക്കും. കർഷക വിദ്യാർത്ഥി സൗഹൃദം 2K19 എന്നാണ് ക്യാമ്പിന് വിദ്യാര്‍ഥികള്‍ പേരിട്ടിരുന്നത്. സ്ത്രീ ശാക്തീകരണം, ആരോഗ്യവും ശുചിത്വം, സ്വയം സംരക്ഷണം എന്നീ വിഷയങ്ങളിൽ സെമിനാറുകളും വിദ്യാർഥിനികളുടെ വിവിധ കലാ പരിപാടികളും നടന്നു. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി. കെ. എസ്. ബീന ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പല്‍ ക്യാപ്റ്റൻ പി.സി. ദേവരാജ് അധ്യക്ഷത വഹിച്ചു.